ക്ഷേത്രോത്സവത്തിനിടെ കൊലക്കേസ് പ്രതികളുടെ ചിത്രങ്ങളുമായി സി.പി.എം

Tuesday 01 April 2025 1:25 AM IST

കണ്ണൂർ: ക്ഷേത്രോത്സവത്തിനിടെ കൊലക്കേസ് പ്രതികളുടെ ചിത്രങ്ങളുള്ള കൊടികളുമായി സി.പി.എം പ്രവർത്തകരുടെ ആഘോഷം. കണ്ണൂർ പറമ്പായി കുട്ടിച്ചാത്തൻ മഠം ഉത്സവത്തിന്റെ ഭാഗമായുള്ള കലശാഘോഷയാത്രയിലാണ് മുഴപ്പിലങ്ങാട് സൂരജ് വധക്കേസിൽ ശിക്ഷിക്കപ്പെട്ടവരുടെ ചിത്രമുള്ള കൊടികളുപയോഗിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.

കലശം വരവിന്റെ ഭാഗമായി ഡി.ജെയുൾപ്പെടെയുള്ള പരിപാടികൾ ഉണ്ടായിരുന്നു. ഇതിനിടെയായിരുന്നു സി.പി.എം പ്രവ‌ത്തകരുടെ ആഘോഷം. സൂരജ് വധക്കേസിൽ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജിന്റെ സഹോദരൻ പി.എം. മനോരാജ്, ടി.പി കേസ് പ്രതി ടി.കെ. രജീഷ് എന്നിവരടക്കം എട്ട് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. എന്നാൽ ഇവരാരും യഥാർത്ഥ പ്രതികളല്ലെന്നാണ് സി.പി.എം നിലപാട്. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ വ്യക്തമാക്കിയിരുന്നു.

ശിക്ഷിക്കപ്പെട്ട പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിലെത്തിച്ചപ്പോൾ നേതാക്കളും പ്രവർത്തകരും അഭിവാദ്യമർപ്പിക്കാനെത്തിയിരുന്നു. ദിവസങ്ങൾക്ക് മുൻപ് കതിരൂർ പുല്യോട് ശ്രീകുറുമ്പ കാവിൽ താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായ കലശം വരവിൽ ചെഗുവേരയുടെ കൊടിയും പാർട്ടിയുടെ ഗാനവും ഉൾപ്പെടുത്തിയിരുന്നു. മുൻപ് ഇവിടേക്കുള്ള കലശം വരവിൽ പി. ജയരാജന്റെ ചിത്രം പ്രദർശിച്ചതും വിവാദമായിരുന്നു.