'എന്തുകൊണ്ട് പൃഥ്വിരാജിനെ പിന്തുണയ്ക്കുന്നില്ല" ?
തിരുവനന്തപുരം: സിനിമയിൽ നിരവധി സംഘടനകൾ ഉണ്ടായിട്ടും പൃഥ്വിരാജിനെതിരെ ആരോപണം ഉണ്ടായപ്പോൾ ആരും മിണ്ടാത്തത് എന്തെന്ന് പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരൻ. ഇതിനുപിന്നിൽ ഗൂഢാലോചന നടക്കുന്നുണ്ട്. സിനിമ എഴുതിയ ആൾക്കെതിരെ ആരോപണം ഇല്ല. നിർമ്മാതാക്കൾക്കെതിരെയില്ല. പൃഥ്വിരാജിനെതിരെ മാത്രമാണുള്ളത്. പടം ഇറങ്ങാതിരിക്കാനായി സമരം പ്ലാൻ ചെയ്തിട്ട് അത് പൊളിഞ്ഞു പോയി. പൃഥ്വിരാജിന് സിനിമയിൽ ശത്രുക്കളുണ്ട്.
പൃഥ്വിരാജിന്റെ ജാതകം ആർ.എസ്.എസ് മുഖപത്രത്തിന് അറിയില്ല.എപ്പോൾ പ്രതികരിക്കണം, എങ്ങനെ വേണം എന്നെല്ലാം പൃഥ്വിരാജിന് ബോധ്യമുണ്ട്.
പെരുന്നാളിന്റെ തലേന്ന് 'ഇതൊക്കെ വിട്ടുകളയൂ ചേച്ചി.' എന്ന അർഥത്തിൽ മമ്മൂട്ടി ചില ഇമോജികൾ ചേർത്ത് മെസേജ് അയച്ചു. എന്റെ പോസ്റ്റ് കണ്ടു എന്നും മമ്മൂട്ടി പറഞ്ഞു. സിനിമാലോകത്ത് ഇത്രയും ആളുകൾ ഉണ്ടായിട്ടും, അദ്ദേഹത്തിന് അത് തോന്നിയല്ലോ.
രാജു ചില സീനുകൾ ഒളിപ്പിച്ചുവെന്ന നുണ മേജർ രവി അടക്കം പറഞ്ഞു. എന്റെ കുടുംബത്തിലുമുണ്ട് അയാളേക്കാൾ വലിയ റാങ്കിലുള്ള പട്ടാളക്കാർ.
വലിയ നേതാക്കൾ ഞങ്ങൾക്കെതിരെ എന്തൊക്കെയോ കൊണ്ടുവരാൻ ശ്രമിക്കുന്നു എന്നാണ് കേൾക്കുന്നത്. ഞങ്ങൾക്കൊരു പേടിയുമില്ല. പൃഥ്വി ഹിന്ദുക്കൾക്കെതിരാണെന്നൊക്കെ ചിലർ പറയുന്നുണ്ട്. പൃഥ്വി എന്താ ഹിന്ദുവല്ലേ? പൃഥ്വിയെ ആർ.എസ്.എസ് എന്താണെന്നു പഠിപ്പിച്ചത് കെ.ജി. മാരാർ സാറും പി.പി. മുകുന്ദൻ സാറുമൊക്കെയാണ്.
അവിടെ പോയാൽ വ്യായാമം ചെയ്യുന്നതും സൂര്യനമസ്കാരം ചെയ്യുന്നതുമൊക്കെ നല്ലതാണെന്നു ഞാൻ പറഞ്ഞിട്ടുണ്ട്. അന്ന് അഞ്ചിലും ആറിലുമൊക്കെ പഠിക്കുന്ന കുഞ്ഞു പിള്ളേരാ. അന്ന് പോയിട്ടുമുണ്ട്.
മോഹലാലിന്റെ പോസ്റ്റ് പൃഥ്വി ഷെയർ ചെയ്തുപോലെ ഷെയർ ചെയ്യാൻ മുരളിഗോപിയും ബാദ്ധ്യസ്ഥനാണ്. ഇതാണ് നാട്ടിലെ സ്ഥിതിയെങ്കിൽ പിണറായി വിജയൻ തന്നെ വീണ്ടും വരണമെന്നാണ് ആഗ്രഹമെന്ന് ഒരു വാർത്താ ചാനലിൽ അവർ പറഞ്ഞു.
എമ്പുരാനെ പിന്തുണച്ച് ഫെഫ്ക
കൊച്ചി: എമ്പുരാൻ സിനിമയ്ക്കും പൃഥ്വിരാജിനും മോഹൻലാലിനുമെതിരായ സൈബർ ആക്രമണങ്ങൾ നിർഭാഗ്യകരവും പ്രതിഷേധാർഹവുമാണെന്ന് സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക പ്രതികരിച്ചു. സിനിമയുടെ രൂപത്തെയും ഉള്ളടക്കത്തെയും വിട്ടുവീഴ്ചയില്ലാതെ വിമർശിക്കുന്നതിനെ സ്വാഗതം ചെയ്യുന്നു. വിമർശനം വ്യക്ത്യധിക്ഷേപവും ഭീഷണിയും ചാപ്പകുത്തലുമാവരുതെന്നാണ് കക്ഷിരാഷ്ട്രീയ മത ഭേദമെന്യേ എല്ലാവരോടും പറയാനുള്ളത്. സാർത്ഥകമായ ഏതു സംവാദത്തിന്റെയും ലക്ഷ്യം മറുവശത്ത് നിലകൊള്ളുന്നവരെ നിശബ്ദരാക്കുകയല്ല, സംസാരിക്കാൻ അനുവദിക്കുക എന്നതാണ്. എമ്പുരാനിൽ പ്രവർത്തിച്ച എല്ലാ ചലച്ചിത്ര പ്രവർത്തകരെയും ചേർത്തുനിറുത്തുന്നതായും ഫെഫ്ക പറഞ്ഞു.
പൃഥ്വിരാജ് ദേശവിരുദ്ധൻ: ഓർഗനൈസർ
നടനും എമ്പുരാൻ സിനിമയുടെ സംവിധായകനുമായ പൃഥ്വിരാജിന് ദേശവിരുദ്ധരുടെ ശബ്ദമാണെന്ന് ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസർ. കേന്ദ്രസർക്കാരിനെതിരായ 'സേവ് ലക്ഷദ്വീപ്" എന്ന പ്രചാരണത്തിന് പിന്നിലെ പ്രമുഖരിൽ ഒരാളായിരുന്നു പൃഥ്വിരാജ്.സി.എ.എ പ്രതിഷേധത്തിനിടെ ജാമിയ മിലിയ വിദ്യാർത്ഥികളെ പിന്തുണച്ചു. മുനമ്പം കേസ് പോലുള്ള പ്രാദേശിക വിഷയങ്ങളിൽ, വഖവ് ബോർഡിന്റെ കുടിയിറക്കൽ ഭീഷണി നേരിടുന്ന നൂറുകണക്കിന് ക്രിസ്ത്യൻ കുടുംബങ്ങളെക്കുറിച്ച് പറയുമ്പോൾ പൃഥിരാജിന് ഇരട്ടത്താപ്പാണ്. ബംഗ്ലാദേശിലെ ഹിന്ദു പീഡനത്തെക്കുറിച്ചും അദ്ദേഹം ഒന്നും മിണ്ടുന്നില്ലെന്നും ലേഖനത്തിൽ കുറ്രപ്പെടുത്തുന്നു. പൃഥ്വിരാജിന്റെ വിവിധ സമൂഹമാദ്ധ്യമ പോസ്റ്റുകളുടെ സ്ക്രീൻഷോട്ടുകളും പങ്കുവച്ചാണ് വിമർശനം. വിവാദങ്ങളിൽ ഖേദം പ്രകടിപ്പിച്ച മോഹൻലാലിന്റെ നടപടിയെ ലേഖനം അംഗീകരിക്കുന്നു. തുടർച്ചയായ മൂന്നാം ദിവസമാണ് എമ്പുരാൻ വിഷയത്തിൽ ഓർഗനൈസറിൽ ലേഖനം വരുന്നത്. പൃഥ്വിരാജിന്റെ വിദേശബന്ധം അന്വേഷിക്കണമെന്ന യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഗണേശിന്റെ ഫേസ്ബുക്ക് പോസ്റ്റും ലേഖനത്തിൽ ചേർത്തിട്ടുണ്ട്.