പൃഥ്വിയെ ഒറ്റപ്പെടുത്താമെന്ന് കരുതേണ്ട:മന്ത്രി റിയാസ്
കോഴിക്കോട് : ഒരു സിനിമ നിർമ്മിച്ചു എന്നതിന്റെ പേരിൽ ആരെയെങ്കിലും ഒറ്റപ്പെടുത്തിക്കളയാമെന്ന് ആരും കരുതേണ്ടെന്ന് മന്ത്രി പി. എ മുഹമ്മദ് റിയാസ്. എമ്പുരാൻ സിനിമയ്ക്കും സംവിധായകനായ പൃഥ്വിരാജിനും എതിരെയുള്ള കടന്നാക്രമണങ്ങളെക്കുറിച്ച് മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് ഗോകുലം മാളിൽ സിനിമ കാണാനെത്തിയതായിരുന്നു മന്ത്രി. ഭാര്യ വീണ വിജയനും ഒപ്പമുണ്ടായിരുന്നു. ഗുജറാത്ത് വംശഹത്യ നമ്മുടെ രാജ്യം ഇന്നുവരെ കണ്ടതിൽ ഏറ്റവും ഭയാനകമായ ഒന്നാണ്. അതിന് നേതൃത്വം നൽകിയത് ആരാണെന്ന് കേരളത്തിലെ ഒന്നാം ക്ലാസിലെ കുട്ടിക്ക് വരെ മനഃപാഠമാണ്. അതൊരു സിനിമയിൽ അവതരിപ്പിക്കുമ്പോൾ അസഹിഷ്ണുത കാണിച്ചിട്ട് കാര്യമില്ല. ഈ സിനിമ മുന്നോട്ട് പോകേണ്ട എന്ന നിലപാട് സംഘപരിവാർ സ്വീകരിച്ചതിൽ അത്ഭുതപ്പെടേണ്ടതില്ല. മത വർഗീയ പ്രസ്ഥാനങ്ങൾക്കും ആശയങ്ങൾക്കും കേരളത്തിന്റെ മണ്ണിൽ സ്ഥാനമില്ല എന്ന പ്രഖ്യാപനമാണ് ഈ സിനിമയ്ക്ക് ലഭിച്ച പിന്തുണ. എന്ത് വെട്ടിമാറ്റിയാലും ചരിത്ര വസ്തുതകളെ വെട്ടിമാറ്റാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.