കുടിശിക കാത്ത് ഇലക്ഷൻ വർഷം
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കും തിരഞ്ഞെടുപ്പ് നടക്കുന്ന സാമ്പത്തിക വർഷത്തിന് ഇന്ന് തുടക്കമാവുന്നതിനാൽ, ക്ഷേമ കുടിശികയും ജീവനക്കാർക്കുള്ള ആനുകൂല്യങ്ങളും താമസിയാതെ ലഭിച്ചേക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടുവരുന്നുവെന്ന ശുഭസൂചനയാണ് ധനമന്ത്രി കെ.എൻ.ബാലഗോപാൽ നൽകുന്നത്. ധനസ്ഥിതി രണ്ട് ലക്ഷം കോടിയിലേക്കും തനത് വരുമാനം ഒരുലക്ഷം കോടിയിലേക്കും കടക്കാനൊരുങ്ങുന്നുവെന്ന സവിശേഷതും പുതുവർഷത്തിനുണ്ട്.
ക്ഷേമപെൻഷൻ അതത് മാസം നൽകുമെന്നും ശമ്പള പെൻഷൻ വിതരണത്തിൽ ആശങ്ക വേണ്ടെന്നും സൂചനയുണ്ട് . സാമൂഹ്യക്ഷേമപെൻഷൻ മൂന്ന് ഗഡുവാണ് കൊടുക്കാനുള്ളത്.ഈ വർഷം മുതൽ ഡി.എ.അതത് വർഷം അനുവദിക്കുമെന്നും സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്. കുറഞ്ഞത് രണ്ടുഗഡു ഡി.എ എങ്കിലും സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും കിട്ടും. എന്നാൽ 2022 ജൂലായ് മുതൽ 2025 ജനുവരിവരെ ആറ് ഗഡു കുടിശികയാണ് ജീവനക്കാരുടെ കണക്കിലുള്ളത്.ഇത് അനുവദിക്കുമ്പോൾ മുൻകാല പ്രാബല്യം നൽകുമോ എന്നതിൽ ഉറപ്പില്ല. രണ്ടുതവണ ഡി.എ.കുടിശിക അനുവദിച്ചപ്പോഴും കുടിശിക നൽകിയിരുന്നില്ല. ശമ്പള പരിഷ്ക്കരണ കുടിശികയിൽ പകുതി കഴിഞ്ഞ മാസം പി.എഫിലേക്ക് മാറ്റി. ബാക്കി പകുതി ഈ സാമ്പത്തിക വർഷം നൽകിയേക്കും. പെൻഷൻ പരിഷ്ക്കരണ കുടിശിക പൂർണ്ണമായും കഴിഞ്ഞ മാസം കൊടുത്തുതീർത്തു.
സാമൂഹ്യസുരക്ഷാപദ്ധതികളിൽ ആശാകിരണം,വിവിധ സ്കോളർപ്പിപ്പുകൾ, കാരുണ്യതുടങ്ങി വിവിധ പദ്ധതികളിലെ കുടിശികയും സപ്ളൈക്കോ,നെല്ല് സംഭരണം തുടങ്ങിയവയിലും ഇത്തവണ കാര്യമായ പ്രതിസന്ധിയുണ്ടാകില്ലെന്നാണ് പ്രതീക്ഷ.കഴിഞ്ഞ വർഷം പദ്ധതി നടത്തിപ്പിൽ പുന:ക്രമീകരണം നടത്തി ചെലവിൽ വെട്ടിക്കുറവ് വരുത്തിയിരുന്നു.ഇത് കടുത്ത വിമർശനമുണ്ടായിരുന്നു.ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ പദ്ധതി ചെലവിൽ വെട്ടിക്കുറവുണ്ടാകില്ല.
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ കേന്ദ്രസർക്കാരിൽ നിന്നുള്ള വായ്പാനുമതി ലഭിക്കാൻ കാര്യമായ പ്രതിസന്ധിയില്ലാത്ത സാമ്പത്തിക വർഷമാണ് കടന്ന് പോയത്. സംസ്ഥാനം 50000കോടിയോളം രൂപയുടെ വായ്പയാണ് എടുത്തത്. ഇൗ വർഷവും സമാനമായ സാഹചര്യമായിരിക്കുമെന്നാണ് പ്രതീക്ഷ.
കൊടുക്കാനുള്ളത്
ക്ഷേമപെൻഷൻ കുടിശിക മൂന്ന്ഗഡു, ചെലവ് -2400കോടിരൂപ
ശമ്പളപരിഷ്ക്കരണ കുടിശിക 2 ഗഡു, ചെലവ് - 2000കോടിരൂപ
ഡി.എ.കുടിശിക 6ഗഡു, ചെലവ് - 4000കോടി