പുതിയ പദ്ധതിയുമായി പൊലീസ്: ലഹരി തൊട്ടാൽ പണി തെറിക്കും

Tuesday 01 April 2025 1:58 AM IST

തിരുവനന്തപുരം: കേരളത്തിൽ മയക്കുമരുന്നിന്റെ ഉപയോഗം കുറയ്ക്കാൻ പുതിയ പദ്ധതിയുമായി പൊലീസ്. സ്വകാര്യ കമ്പനികളുമായി ചേർന്നാണിത്.നിലവിലെ ജീവനക്കാരും പുതുതായി ജോലിയിൽ പ്രവേശിക്കുന്നവരും ലഹരി മരുന്നുപയോഗിക്കില്ലെന്ന് സത്യവാങ്മൂലവും, ജോലിക്കിടെ ലഹരി പരിശോധനയ്ക്ക് സമ്മതപത്രവും നൽകണം.

കമ്പനികൾ കൃത്യമായ ഇടവേളകളിൽ ജീവനക്കാരെ ലഹരി പരിശോധന നടത്തണം. ലഹരി സേവിച്ചതായി കണ്ടെത്തുന്നവരെ ജോലിയിൽ നിന്നൊഴിവാക്കണം. നിയമ നടപടിയുമുണ്ടാവും.തുടക്കത്തിൽ ഐ.ടി, മെഡിക്കൽ, എൻജിനിയറിംഗ്, മാനേജ്മെന്റ് പ്രൊഫഷണലുകൾക്കിടയിൽ നടപ്പാക്കാനാണ് ധാരണ. ദക്ഷിണമേഖലാ ഐ.ജിഎസ്.ശ്യാംസുന്ദർ തയ്യാറാക്കിയ മാസ്റ്റർപ്ലാൻ മുഖ്യമന്ത്രിയുടെ അനുമതിയോടെ നടപ്പാക്കും.

യുവാക്കളിൽ 97ശതമാനവും ജോലി ചെയ്യുന്ന സ്വകാര്യമേഖലയിൽ നിരന്തരം ലഹരി പരിശോധന നടത്തിയാൽ മയക്കുമരുന്നിന്റെ ആവശ്യകത കുറയ്ക്കാനാവുമെന്നാണ് വിലയിരുത്തൽ. പൊലീസും എക്സൈസും വൻതോതിൽ ലഹരി പിടികൂടുന്നുണ്ടെങ്കിലും അത് കടത്തുന്നതിന്റെ ചെറിയ ശതമാനമേ വരൂ. പിടി കൂടുന്നത് കുറയുമ്പോൾ ലഹരിയുടെ ഒഴുക്ക് കൂടും.കൊള്ളലാഭം കിട്ടുന്ന ബിസിനസായി ലഹരിക്കച്ചവടം മാറിയിട്ടുണ്ട്. ബംഗളുരുവിൽ ഗ്രാമിന് ആയിരം രൂപയ്ക്ക് കിട്ടുന്ന എം.ഡി.എം.എ കേരളത്തിൽ 8000 രൂപയ്ക്കാണ് വിൽക്കുന്നത്. 500 രൂപയ്ക്ക് കിട്ടുന്ന എൽ.എസ്.ഡി സ്റ്റാമ്പിന് 4000 വരെയീടാക്കുന്നു. ആന്ധ്ര,ഒഡിഷ,തെലങ്കാന സംസ്ഥാനങ്ങളിൽ കിലോയ്ക്ക് 5000രൂപയ്ക്ക് കിട്ടുന്ന കഞ്ചാവ് കേരളത്തിലെത്തിച്ച് ചെറു പൊതികളാക്കി വിറ്റാൽ ഒരു ലക്ഷം കിട്ടും.

ജീവനക്കാരിലെ മയക്കു മരുന്നുപയോഗം തടയാൻ സ്വകാര്യ ലാബുകളുമായി ചേർന്ന് കമ്പനികൾ സംവിധാനമൊരുക്കണം. രക്തസാമ്പിളും തലമുടിയുമൊക്കെ പരിശോധിക്കാം. തലമുടിയിൽ നിന്ന് 4മാസം മുൻപുള്ള ലഹരിയുപയോഗത്തിന്റെ വിവരങ്ങൾ കിട്ടും. ഗൾഫിൽ ഭൂരിഭാഗം കമ്പനികളിലും ഇത്തരം പരിശോധനകളുണ്ട്. ഫിക്കി, സി.ഐ.ഐയടക്കം സംഘടനകളുമായും കമ്പനികളുമായും ചേർന്നാവും പദ്ധതി നടപ്പാക്കുക. സർക്കാരിന്റെ ഐ.ടിപാർക്കുകളിലും ഇതു നടപ്പാക്കും.

ലഹരിക്കാർക്ക് ജോലിയില്ല: ജിടെക്ക്

രാസലഹരി ഉപയോഗിക്കുന്നവർക്ക് ജോലി നൽകില്ലെന്ന് ടെക്നോപാർക്കിലെ ഐടികമ്പനികളുടെ കൂട്ടായ്മയായ ജിടെക് വ്യക്തമാക്കി. ലഹരിയുപയോഗിക്കില്ലെന്ന് സത്യവാങ്മൂലവും പരിശോധനയ്ക്ക് സമ്മതപത്രവും നൽകണം.

''കമ്പനികളുമായുമുള്ള ചർച്ചയിൽ പദ്ധതി തത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. ലഹരി പരിശോധന ഉപയോഗം കുറയ്ക്കാനുള്ള ഫലപ്രദമായ നടപടിയാണ്. ആഘോഷങ്ങളിൽ രാസലഹരിയൊഴിവാക്കപ്പെടും''

- എസ്. ശ്യാംസുന്ദർ, ഐ.ജി,ദക്ഷിണമേഖല