18000 ലിറ്റർ അനധികൃത ഡീസൽ പിടികൂടി
തേഞ്ഞിപ്പലം: അനധികൃതമായി വിൽപ്പനക്കായി സൂക്ഷിച്ച 18,000 ലിറ്റർ ഡീസൽ പിടികൂടി. തേഞ്ഞിപ്പലം പഞ്ചായത്ത് ഏഴാം വാർഡിൽ കൊയപ്പപാടം എൻജിനീയറിംഗ് റോഡിന് സമീപം പെരിഞ്ചേരി മാട്ടിൽ അബ്ദുൾ സലാമിന്റെ ഉടമസ്ഥതയിലുള്ള ഗോഡൗണിൽ നിന്നാണ് ബാരലുകളിൽ സൂക്ഷിച്ച ലിറ്റർ കണക്കിന് ഡീസൽ പിടിച്ചെടുത്തത്. ആയിരം ലിറ്റർ ഉൾക്കൊള്ളുന്ന 26 ലിറ്റർ ബാരലുകളാണ് ഗോഡൗണിൽ ഉണ്ടായിരുന്നത്. വയനാട് മേപ്പാടി സ്വദേശിയായ അബ്ദുൾ ലത്തീഫ് മൂന്നുമാസം മുമ്പാണ് തേഞ്ഞിപ്പലത്തെ ഗോഡൗൺ വാടകയ്ക്കെടുത്തത്. ഇയാൾ ഒളിവിലാണ്. പഴയ എൻജിൻ ഓയിൽ സംസ്‌കരിക്കുന്ന ബിസിനസാണെന്ന് ഉടമയെ തെറ്റിദ്ധരിപ്പിച്ചായിരുന്നു വാടകക്കെടുക്കൽ. ബേപ്പൂർ ഹാർബറിൽ കഴിഞ്ഞ ഞായറാഴ്ച രാവിലെ നിയമപരമായ രേഖകൾ ഇല്ലാതെ അനധികൃതമായി ടാങ്കർ ലോറിയിൽ കൊണ്ടുവന്ന ഡീസൽ നേരിട്ട് മത്സ്യബന്ധന ബോട്ടിലേക്ക് അനധികൃതമായി നിറയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ലോറി കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വയനാട് സ്വദേശി അബ്ദുൾ ലത്തീഫിന്റെയും പാർട്ണർമാരുടെയും ഉടമസ്ഥതയിലുള്ളതാണ് ടാങ്കർ ലോറിയെന്ന് കണ്ടെത്തി.ലോറി ഡ്രൈവർ കുറ്റിയാടി സ്വദേശി സായിഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ തേഞ്ഞിപ്പലം കൊയപ്പപാടം എൻജിനീയറിംഗ് കോളേജ് റോഡിന് സമീപത്തുള്ള ഗോഡൗണിൽ നിന്നാണ് ഡീസൽ എത്തിച്ചതെന്ന് മൊഴി ലഭിച്ചു. ബേപ്പൂർ പൊലീസ് അറിയിച്ചത് പ്രകാരം തേഞ്ഞിപ്പലം പോലീസ് ഗോഡൗണിൽ പരിശോധന നടത്തി ഡീസൽ കണ്ടെത്തി. . കെണ്ടോട്ടി ഡിവൈഎസ്പി പി.കെ. സന്തോഷ്, ഭാരത് പെട്രോളിയം അധികൃതർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഗോഡൗണിലെ പരിശോധന