കടവന്ത്രയിലെ വിസ തട്ടിപ്പ്: ഒളിവിലായിരുന്ന പ്രതി പിടിയിൽ
കൊച്ചി: കടവന്ത്രയിലെ ജോബ് വിസ സ്ഥാപനത്തിന്റെ മറവിൽ തൊഴിൽതട്ടിപ്പ് നടത്തിയ കേസിൽ ഒളിവിലായിരുന്ന മൂവാറ്റുപുഴ വാളകം സ്വദേശി അനിൽകുമാറിനെ പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്തു. കടവന്ത്ര പൊലീസ് സ്റ്റേഷനിലെ ഒൻപത് കേസുകളിൽ പ്രതിയായ ഇയാളെ കസ്റ്റഡിയിൽ വാങ്ങാൻ കൊച്ചി സിറ്റി പൊലീസ് സംഘം ഇന്ന് തിരുവനന്തപുരത്ത് എത്തും.
എറണാകുളം സൗത്ത് സ്റ്റേഷന്റെ കിഴക്കേ പ്രവേശനകവാട പരിസരത്ത് പ്രവർത്തിച്ചിരുന്ന ഒഡീലിയ സ്ഥാപനത്തിന്റെ മാനേജിംഗ് പാർട്ണറാണ് പ്രതി. സ്ഥാപനത്തിന്റെ ലൈസൻസി കളിയിക്കാവിള സ്വദേശി കനകരാജനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരു പ്രതി മൂവാറ്റുപുഴ സ്വദേശി സുനിൽകുമാർ ഒളിവിലാണ്.
മാൾട്ട, അസൈർബൈജാൻ ഉൾപ്പെടെ നിരവധി വിദേശരാജ്യങ്ങളിലേക്ക് തൊഴിൽ വിസ വാഗ്ദാനം ചെയ്ത് രണ്ട് ലക്ഷം മുതൽ എട്ടു ലക്ഷം രൂപ വരെയാണ് ഉദ്യോഗാർത്ഥികളിൽ നിന്ന് ഈടാക്കിയത്. പണം മുഴുവൻ അനിൽകുമാറിന്റെ അക്കൗണ്ടിലേക്കാണ് എത്തിയത്. സ്ഥാപനത്തിന് പ്രൊട്ടക്റ്ററേറ്റ് ഓഫ് എമിഗ്രേഷന്റെ ലൈസൻസുണ്ടായിരുന്നെങ്കിലും ആൾക്കാരെ ജോലിക്ക് കയറ്റി അയക്കാനുള്ള വർക്ക് പെർമ്മിറ്റ് ഉണ്ടായിരുന്നില്ല. ഇത് മറച്ചുപിടിച്ച് വിസിറ്റിംഗ് വിസയുടെ മറവിലാണ് വിദേശത്തേക്ക് ആളെ അയച്ചത്. തട്ടിപ്പിനിരയായവരുടെ പരാതിയിൽ കടവന്ത്ര പൊലീസ് കേസെടുത്തതോടെ അനിൽകുമാറും മറ്റൊരു മാനേജിംഗ് പാർട്ണറായ സുനിൽകുമാറും ഒളിവിൽ പോയി. ഇതിനിടെ മുൻകൂർജാമ്യത്തിനായി അനിൽകുമാർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കീഴടങ്ങാനായിരുന്നു കോടതി ഉത്തരവ്. ഇതിന് തയ്യാറാകാതെ ഒളിവിൽപോയ ഇയാളെ സമാനമായ തട്ടിപ്പ് കേസിലാണ് പേരൂർക്കട പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.