സ്വർണം വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പ്രതി അറസ്റ്റിൽ
Tuesday 01 April 2025 12:24 AM IST
കൊച്ചി: അര ലക്ഷം രൂപ നൽകിയാൽ തവണ വ്യവസ്ഥയിൽ 10 പവന്റെ സ്വർണാഭരണങ്ങൾ മുൻകൂർ നൽകുമെന്ന് വിശ്വസിപ്പിച്ച് പലരിൽ നിന്നായി മൂന്ന് ലക്ഷം രൂപയുമായി മുങ്ങിയ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. പള്ളുരുത്തി ആര്യാട് വീട്ടിൽ വർഗീസാണ് (ബാബു-50) തോപ്പുംപടി പൊലീസിന്റെ പിടിയിലായത്.
അര ലക്ഷം രൂപ നൽകുന്നവർ ബാക്കി തുക 10000 രൂപയുടെ ഗഡുക്കളായി നൽകിയാൽ മതിയെന്നായിരുന്നു ഇയാളുടെ വാഗ്ദാനം. പണവുമായി മുങ്ങിയ പ്രതി രണ്ട് വർഷത്തോളം തമിഴ്നാട്ടിലെ പൊള്ളാച്ചിയിൽ ഒളിവിലായിരുന്നു. തുടർന്ന് കളമശേരിയിലെത്തി ഹോട്ടൽ തൊഴിലാളിയായി കഴിയുകയായിരുന്നു. സൈബർസെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. കണ്ണൂർ, കൊല്ലം ജില്ലകളിലും സമാന കേസുകളിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
;