പെരുമ്പാവൂർ കള്ളനോട്ട് കേസ്: പശ്ചിമ ബംഗാൾ അതിർത്തിയിലെ റാക്കറ്റിനെ കുടുക്കാൻ പൊലീസ്

Tuesday 01 April 2025 12:26 AM IST

കൊച്ചി: പെരുമ്പാവൂരിൽ കള്ളനോട്ട് പിടികൂടിയ കേസിലെ തുടരന്വേഷണത്തിനായി പൊലീസ് പശ്ചിമബംഗാളിലേക്ക് തിരിക്കും. ഇന്ത്യ - ബംഗ്ലാദേശ് അതിർത്തി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കള്ളനോട്ട് റാക്കറ്റിനെ കുടുക്കുകയാണ് ലക്ഷ്യം.

കേസിൽ അറസ്റ്റിലായ ബംഗ്ലാദേശ് അലൈപ്പൂർ സ്വദേശി സലീം മണ്ഡൽ (32) റാക്കറ്റിലെ കണ്ണികളെക്കുറിച്ചും പണം നൽകിയ ഏജന്റിനെക്കുറിച്ചും വെളിപ്പെടുത്തിയിരുന്നു. അതേസമയം, കേസന്വേഷണം ദേശീയ അന്വേഷണ ഏജൻസിയോ (എൻ.ഐ.എ) ജില്ലാ ക്രൈംബ്രാഞ്ചോ വൈകാതെ ഏറ്റെടുത്തേക്കുമെന്ന് അറിയുന്നു.

500 രൂപയുടെ 50ലധികം നോട്ടുകളാണ് സലീം ഒടുവിൽ കേരളത്തിൽ എത്തിച്ചത്. ഇതിൽ 17 നോട്ടുകളാണ് റെയിൽവേ പൊലീസിന്റെ റെയ്ഡിനിടെ പിടികൂടിയത്. സലീം വിനിയോഗിച്ച കള്ള നോട്ടുകൾ ബാങ്കുകളിൽ എത്തിയത് ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലുമുള്ള ബാങ്കുകളിലാണ് കള്ളനോട്ടുകൾ ലഭിച്ചത്. 50ലധികം നോട്ടുകൾക്ക് പുറമേ വൻതോതിൽ പണവും ഇയാൾ കേരളത്തിൽ എത്തിച്ചിട്ടുണ്ടെന്നാണ് വിവരം. ഇയാളുടെ ഫോണിൽ നിന്ന് കള്ളനോട്ടിന്റെ ചിത്രങ്ങളടക്കം നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചു. ഇന്ത്യയിൽ നിന്ന് നോട്ട് അടിക്കാനായി ഉപയോഗിക്കുന്ന പേപ്പറും മഷിയും ഇയാൾ ബംഗ്ലാദേശിൽ എത്തിച്ചിരുന്നു.

മോഷ്ടിച്ച ഫോണുകൾക്ക്

പകരം കള്ളനോട്ട്

മോഷ്ടാവാണ് സലീം മണ്ഡൽ. അടുത്തിടെയായി കവർച്ച മുതലുകൾ വാങ്ങി പണം നൽകിവരികയായിരുന്നു. ഇങ്ങനെ വാങ്ങുന്ന മൊബൈൽ ഫോണുകൾ ബംഗ്ലാദേശിലേക്ക് കടത്തുകയാണ് രീതി. ഒരു ഫോണിന് 40,000 രൂപയുടെ കള്ളനോട്ടാണ് ഏജന്റ് കൈമാറിയിരുന്നത്. അമ്പതോളം മൊബൈൽ ഫോണുകൾ ഒരുമിച്ചാണ് ബംഗ്ലാദേശിലേക്ക് കടത്തുന്നത്. കഴിഞ്ഞയാഴ്ച മാവേലി എക്സ്‌പ്രസിൽ നിന്ന് മോഷ്ടിച്ച മൊബൈലുകൾ ഇയാൾക്ക് വിറ്റെന്ന് കണ്ടെത്തിയതിനെ തുടർന്നുള്ള അന്വേഷണമാണ് രാജ്യാന്തര കള്ളനോട്ട് കേസിന് വഴിതുറന്നത്.