എട്ട് വയസുകാരൻ മജ്ജ പകുത്ത് നൽകും: തോൽക്കാനാവില്ല ഈ അമ്മയ്ക്ക്; വേണം നാടിന്റെ കാരുണ്യം

Tuesday 01 April 2025 12:58 AM IST

കൊല്ലം: അയത്തിൽ സ്‌നേഹ നഗർ 269 ൽ സെന്തിൽകുമാറിന്റെ ഭാര്യ തുഷാര (34) രണ്ടര വർഷമായി അർബുദത്തിന്റെ ശാരീരിക അവശതകളിലൂടെയാണ് കടന്നുപോകുന്നത്. അക്യൂട്ട് മൈലോയിഡ് ലുക്കീമിയ എന്ന രക്താർബുദ്ദത്തിന്റെ ഏറെ മാരകമായ അവസ്ഥയിലാണ് തുഷാര.

മജ്ജ മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയയിലൂടെ തുഷാരയ്‌ക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ കഴിയുമെന്നാണ് ഡോക്‌ടർമാർ പറയുന്നത്. എട്ട് വയസുള്ള മകൻ മജ്ജ മാതാവിന് പകുത്ത് നൽകാൻ സന്നദ്ധനാണ്. അ‌ഞ്ച് വയസുള്ള ഒരു മകളുമുണ്ട് തുഷാരയ്‌ക്ക്. വെല്ലൂർ മെഡിക്കൽ കോളേജിൽ ഒരു വർഷം താമസിച്ചുള്ള ആദ്യ ഘട്ട ചികിത്സയ്‌ക്കും തുടർന്നുള്ള അഞ്ച് വർഷത്തെ ചികിത്സയ്‌ക്കും 25 ലക്ഷം രൂപ വേണ്ടി വരും.

സ്ഥിര വരുമാനക്കാരനല്ലാത്ത ഭർത്താവ് തുഷാരയെ ഒപ്പം ചേർത്ത് പരിപാലിക്കുന്നതിനാൽ ഉള്ള ജോലിക്കും പോകാനാകുന്നില്ല. കുടംബത്തിന്റെ ദുരിതം മനസിലാക്കി നാട്ടുകാർ ഡിവിഷൻ കൗൺസിലറിന്റെ നേതൃത്വത്തിൽ യോഗം ചേർന്ന് ചികിത്സാ സഹായനിധിക്ക് രൂപം നൽകി. എസ്.ബി.ഐ കരിക്കോട് ബ്രാഞ്ചിൽ ആർ.തുഷാരയുടെ പേരിൽ അക്കൗണ്ട് ആരംഭിച്ചു. അക്കൗണ്ട് നമ്പർ‌: 67348164274. ഐ.എഫ്.എസ്.സി കോഡ്: എസ്.ബി.ഐ.എൻ 0070870. ജി പേ നമ്പർ: 7025061316.