ക്രൈം മാപ്പിംഗ് സർവേ: സ്ത്രീകളെ വാക്കിൻ മുനയിൽ മുറിവേൽപ്പിച്ച് പങ്കാളികൾ

Tuesday 01 April 2025 1:01 AM IST

കൊല്ലം: ഏതെങ്കിലും വിധത്തിൽ എല്ലാദിവസവും സ്ത്രീകൾ മറ്റൊരു വ്യക്തിയിൽ നിന്ന് അസഭ്യ സംഭാഷണങ്ങൾക്ക് (വാചികാതിക്രമം) വിധേയരാകുന്നതായി റിപ്പോർട്ട്. സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ ഉറപ്പാക്കാൻ കുടുംബശ്രീ സംഘടിപ്പിച്ച ക്രൈം മാപ്പിംഗ് സർവേയിലാണ് കണ്ടെത്തൽ.

പങ്കാളികളിൽ നിന്നാണ് കൂടുതലും സ്ത്രീകൾ പലവിധത്തിലുള്ള അതിക്രമങ്ങൾക്ക് വിധേയരാകുന്നത്. 2023-24 സാമ്പത്തിക വർഷത്തിൽ കുടുംബശ്രീയുടെ ആറ് സി.ഡി.എസുകളിലായി നടത്തിയ സർവേയിലെ കണക്കാണിത്. പലപ്പോഴായി ജീവിതത്തിൽ നേരിട്ട അതിക്രമങ്ങൾ സങ്കോചവും ഭയവുമില്ലാതെയാണ് സ്ത്രീകൾ തുറന്നുപറഞ്ഞത്. കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാനുള്ള പദ്ധതിയുടെ നാലാംഘട്ട സ‌ർവേ ജില്ലയിലെ പനയം, ശാസ്താംകോട്ട, പന്മന, വിളക്കുടി, നെടുമ്പന, ചിറക്കര എന്നീ പഞ്ചായത്തുകളിലായാണ് നടന്നത്.

ഓരോ പഞ്ചായത്തിലെയും ഓരോ വാർഡുകളിലും കുറഞ്ഞത് അമ്പത് സ്ത്രീകളാണ് സർവേയിൽ പങ്കെടുത്തത്. 2012നും 14നും ഇടയിലാണ് ക്രൈം മാപ്പിംഗ് ആരംഭിച്ചത്. ജില്ലയൊട്ടാകെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ രേഖപ്പെടുത്തി സൂക്ഷിക്കുന്നതാണ് ക്രൈം മാപ്പിംഗ്. കുടുംബശ്രീ പ്രവർത്തകരായിട്ടുള്ള റിസോഴ്‌സ് ടീം ആണ് വിവരശേഖരണം നടത്തുന്നത്. രഹസ്യസ്വഭാവം നിലനിറുത്തി അംഗങ്ങളിൽനിന്ന് കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ ഗൂഗിൾ ഫോം വഴിയാണ് ശേഖരിച്ചത്‌. കുടുംബശ്രീയുടെ ജെൻഡർ വികസന വിഭാഗമാണ് ക്രൈംമാപ്പിംഗ് നടപ്പാക്കുന്നത്.

തൊട്ടുപിന്നിൽ മാനസികാതിക്രമം

 മാനസികാതിക്രമമാണ് തൊട്ടുപിന്നിൽ

 സാമ്പത്തികാതിക്രമത്തിൽ സ്ത്രീധനം വില്ലൻ

 ഭയപ്പെടുത്തി മർദ്ദനം, തോണ്ടൽ, തുറിച്ചുനോട്ടം

 ഓഫീസുകളിൽ സേവനം ലഭ്യമാകുന്നില്ല

 തദ്ദേശ സ്ഥാപനങ്ങൾ, പൊലീസ് എന്നിവർ തുടർ നടപടി സ്വീകരിക്കും

കണ്ടെത്തിയ അതിക്രമങ്ങൾ

സാമ്പത്തികം-7270

ശാരീരികം-6695

ലൈംഗികം-7568

സാമൂഹികം-1967

വാചികം (അസഭ്യം)-16109

മാനസികം-11123

ആകെ-50732

എല്ലാത്തരത്തിലുമുള്ള അതിക്രമങ്ങൾ വിശദമാക്കാനാകും വിധമാണ് ചോദ്യങ്ങളും ഉപചോദ്യങ്ങളും ഉൾക്കൊള്ളിച്ചിരിക്കുന്നത്. കുറ്റകൃത്യങ്ങളുടെ തീവ്രത പരിശോധിച്ച് നടപടിയുണ്ടാകും.

കുടുംബശ്രീ അധികൃതർ