അവധി ആഘോഷിച്ചോളൂ സുരക്ഷിതമാകണം...
കൊല്ലം: സ്‌കൂളുകൾ അടച്ചതോടെ ഇനിയുള്ള രണ്ടുമാസം കുട്ടികൾക്ക് വിനോദങ്ങളുടെ നിമിഷങ്ങളാണെങ്കിലും രക്ഷിതാക്കൾക്ക് ഇത് വേവലാതികളുടെ കാലമാണ്. എല്ലാവർഷവും വേനലവധി ആഘോഷങ്ങൾക്കിടെ നിരവധി കുരുന്ന് ജീവനുകളാണ് ജലാശയങ്ങളിൽ പൊലിയുന്നത്.
അവധിക്കാലം ആഘോഷിക്കാൻ കുളങ്ങളിലും പുഴകളിലും ഇറങ്ങുന്നവരും അപകടത്തിൽ പെടുന്നവരെ രക്ഷിക്കാൻ മുൻകരുതൽ സംവിധാനങ്ങളില്ലാതെ എടുത്തുചാടുന്നവരുമാണ് പലപ്പോഴും അപകടങ്ങളുടെ ആഴങ്ങളിലേയ്ക്ക് മുങ്ങിപ്പോകുന്നത്.
അവധി ആഘോഷിക്കാൻ കൂട്ടുകാർക്കൊപ്പം പോകുന്നവർ, ബന്ധുവീടുകളിൽ പോകുന്നവർ, അടുത്ത വീട്ടിലെ കുളത്തിൽ കുളിക്കാനിറങ്ങുന്നവർ തുടങ്ങി നൂറിലധികം കുടുംബങ്ങൾക്കാണ് ഓരോ അവധിക്കാലവും കണ്ണീർക്കാലമായി മാറിയിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് അവധിക്കാലം സുരക്ഷിതമാക്കാൻ കേരള പൊലീസ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്.
നീന്തൽ സ്വയം പഠിക്കരുത്
ജലാശയങ്ങളിലെ അപകടസാദ്ധ്യത കുട്ടികളെ മനസിലാക്കിക്കുക
മുതിർന്നവരുടെ കൂടെയേ വെള്ളത്തിൽ ഇറക്കാവൂ
നീന്തൽ പഠിപ്പിക്കാൻ പ്രൊഫഷണൽ പരിശീലകരെ സമീപിക്കുക
കൂട്ടുകാർക്കൊപ്പം കുട്ടികളെ കുളിക്കാനോ മീൻ പിടിക്കാനോ വിടരുത്
അപകടത്തിൽ പെട്ടയാളെ രക്ഷിക്കാൻ മുൻകരുതലില്ലാതെ ചാടരുത്
കയറോ കമ്പോ തുണിയോ എത്തിച്ച് നൽകുക
ലൈഫ് ബോയ് ഇല്ലാത്ത സാഹചര്യത്തിൽ ടയറിന്റെ ട്യൂബ് കയറിൽ കെട്ടി നൽകാം
സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കണം
ഹൃദ്രോഗം, അപസ്മാരം പോലുള്ള അസുഖങ്ങൾ ഉള്ളവർ നീന്തരുത്
നീന്തൽ അറിയാവുന്നവരും ശ്രദ്ധിക്കണം
നീന്തൽ അറിയുന്ന കുട്ടികളായാൽ പോലും കുളങ്ങളിലോ പുഴകളിലോ സ്വിമ്മിംഗ് പൂളിലോ ഇറങ്ങുമ്പോൾ മുതിർന്നവരുടെ ശ്രദ്ധ ഉണ്ടാകണം. പകൽ സമയങ്ങളിൽ മാത്രം വെള്ളത്തിൽ ഇറങ്ങുക. രാത്രി സമയങ്ങളിൽ ജലാശയത്തിൽ ഇറങ്ങുകയോ നീന്തുകയോ ചെയ്യരുത്. ഈ സമയങ്ങളിൽ ബീച്ചിൽ ഇറങ്ങുന്നതും അപകടകരമാണ്.
മുൻപരിചയമില്ലാത്ത തോട്, പുഴ, കായൽ എന്നിവിടങ്ങളിൽ ഇറങ്ങുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. ഒഴുക്ക്, ആഴം, പാറ, ചെളി തുടങ്ങിയവ മനസിലാക്കിവേണം വെള്ളത്തിൽ ഇറങ്ങാൻ.
കേരള പൊലീസ്