ബാഴ്‌സ കുതിക്കുന്നു
ബാഴ്‌സലോണ: സ്‌പാനിഷ് ലാലിഗയിൽ കഴിഞ്ഞ ദിവസം ബാഴ്‌സലോണ ഒന്നിനെതിരെ നാല് ഗോളുകൾക്ക് ജിറോണയെ തകർത്തു. ജയത്തോടെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സയ്‌ക്ക് രണ്ടാം സ്ഥാനത്തുള്ളറയൽ മാഡ്രിഡിനേക്കാൾ മൂന്ന് പോയിന്റിന്റെ ലീഡായി. ബാഴ്‌സയ്‌ക്ക് 29 മത്സരങ്ങളിൽ നിന്ന് 66ഉം റയലിന് 63 പോയന്റുമാണുള്ളത്. കഴിഞ്ഞ മത്സരത്തിൽ ലെഗാനസിനെ തോൽപ്പിച്ച റയൽ മഡ്രിഡ് പോയിന്റ് ടേബിളിൽ ബാഴ്‌സയ്‌ക്ക് ഒപ്പമെത്തിയിരുന്നു. ഹോം മത്സരത്തിൽ സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്‌സ്‌കിയുടെ ഇരട്ടഗോളുകളാണ് ബാഴ്‌സയ്‌ക്ക് മികച്ച ജയമൊരുക്കിയത്. ഫെറാൻ ടോറസ്ഒരു ഗോൾനേടി. ജിറോണയുടെ ലാഡിസ്ലാവ് ക്രെജിയുടെ പിഴവിൽ പിറന്ന സെൽഫ് ഗോളിൽ 41-ാം മിനിട്ടിൽ ബാഴ്‌സ ലീഡെടുത്തു. 53-ാം മിനിട്ടിൽ ഡൻജുമ ജിറോണയ്‌ക്ക് സമനില സമ്മാനിച്ചെങ്കിലും 61,77 മിനിട്ടുകളിൽ സ്കോർ ചെയ്ത് ലെവൻഡോവ‌്സ്‌കി ബാഴ്‌സയെ വിജയവഴിയിൽ എത്തിക്കുകയായിരുന്നു. 86-ാംമിനിട്ടിൽ ഫെറാൻ ബാഴ്‌സയുടെ വിജയമുറപ്പിച്ച ഗോൾ നേടി. ഈ വർഷം തോൽവി അറിയാതെ 20 മത്സരങ്ങൾ പൂർത്തിയാക്കി ബാഴ്‌സ. ജിറോണ 13-ാമതാണ്.