"ഞാൻ പോകുന്നു", മക്കളെ നോക്കണമെന്ന് അമ്മയെ വിളിച്ചുപറഞ്ഞു; എട്ടുമാസം ഗർഭിണിയായ യുവതി തൂങ്ങിമരിച്ചു

Tuesday 01 April 2025 9:34 AM IST

കോട്ടയം: ഗർഭിണിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. മാഞ്ഞൂർ കണ്ടാറ്റുപാടം മുകാട്ടുപറമ്പിൽ അഖിൽ മാനുവലിന്റെ ഭാര്യ അമിത സണ്ണി (32) ആണ് മരിച്ചത്. അമിത എട്ടുമാസം ഗർഭിണിയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ഈ സമയം അഖിൽ വീട്ടിലുണ്ടായിരുന്നില്ല.

ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് അമിത അമ്മയെ ഫോണിൽ വിളിച്ചിരുന്നു. താൻ ജീവനൊടുക്കാൻ പോകുകയാണെന്നും മക്കളെ നോക്കണമെന്നും പറഞ്ഞിരുന്നു. ഉടൻ തന്നെ അമിതയുടെ അമ്മ അഖിലിനെ ഫോണിൽ വിളിച്ച് വിവരം പറഞ്ഞു.

വീടിന്റെ മുകൾനിലയിലെ കിടപ്പുമുറിയിലെ ഫാനിലാണ് യുവതി തൂങ്ങിയത്. മുറി അകത്തുനിന്ന് പൂട്ടിയനിലയിലായിരുന്നു. വാതിൽ ചവിട്ടിപ്പൊളിച്ചാണ് അഖിൽ അകത്തുകടന്നതെന്നാണ് വിവരം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

നാല് വർഷം മുമ്പാണ് അഖിലും അമിതയും വിവാഹിതരായത്. അമിത വിദേശത്ത് നഴ്സായിരുന്നു. ഒരു വർഷം മുമ്പാണ് നാട്ടിലെത്തിയത്. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് കടപ്ലാമറ്റം സെന്റ് മേരീസ് പള്ളിയിൽ നടക്കും.