രാത്രി ആഘോഷിക്കാൻ 'വെൻ' പാതിരാമാർക്കറ്റ്
കൊച്ചി: അർദ്ധരാത്രി വരെ ഷോപ്പിംഗ് നടത്താം, ഇഷ്‌ടഭക്ഷണം രുചിക്കാം, പാട്ടുപാടാം, കൂട്ടുകൂടാം. ആൺ-പെൺ ഭേദമില്ലാതെ ആഘോഷിക്കാം. കൊച്ചി സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതനഗരമെന്ന സന്ദേശവുമായി വനിതാ സംരഭകരുടെ കൂട്ടയ്‌മയായ വുമൺ എൻട്രപ്രണേഴ്സ് നെറ്റ്‌വർക്ക് (വെൻ) 5, 6 തീയതികളിൽ പാതിരാ മാർക്കറ്റ് ഒരുക്കും.
എറണാകുളം രാജേന്ദ്ര മൈതാനിയിൽ വൈകിട്ട് നാലു മുതൽ രാത്രി 12 വരെയാണ് പാതിരാ മാർക്കറ്റ് ഒരുക്കുന്നത്. വിപണനവും വിനോദവും എന്നതിനൊപ്പം സുരക്ഷിതനഗരമെന്ന് ജനങ്ങളെ ബോധവത്കരിക്കുകയാണ് ലക്ഷ്യമെന്ന് വെൻ പ്രസിഡന്റ് ലൈല സുധീഷ്, വെൻ കൊച്ചി പ്രസിഡന്റ് നിമിൻ ഹിലാൽ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മാർക്കറ്റിന്റെ ഉദ്ഘാടനം അഞ്ചിന് വൈകിട്ട് നാലിന് ഹൈബി ഈഡൻ എം.പി നിർവഹിക്കും. വെൻ ഭാരവാഹികളായ മരിയ എബ്രഹാം, ലിന്റ രാജേഷ്, അനു മാത്യു, ഷർമിള നായർ എന്നിവരും വാർത്താസമ്മേളത്തിൽ പങ്കെടുത്തു.
50 സ്റ്റാളുകളുണ്ടാകും
വെൻ അംഗങ്ങളുടെ ഉത്പന്നങ്ങളുടെ 50 സ്റ്റാളുകൾ വിപണിയിലുണ്ടാകും. വസ്ത്രങ്ങൾ, ആഭരണങ്ങൾ, കളിപ്പാട്ടങ്ങൾ, പുസ്തകങ്ങൾ, വൈവിദ്ധ്യമാർന്ന ഭക്ഷ്യവസ്തുക്കൾ തുടങ്ങിയവ ഒരുക്കും. സംഗീതനിശ ഉൾപ്പെടെ പരിപാടികൾ അരങ്ങേറും. രാത്രി 11 മുതൽ 12 വരെ നിശബ്ദ ഡിസ്കോ ഡാൻസുമുണ്ടാകും.
സുരക്ഷാ ബോധവത്കരണത്തിന് ജനങ്ങളുമായി സംവദിക്കാൻ പിങ്ക് പൊലീസ് സ്റ്റാൾ ഒരുക്കും. കൊച്ചി വിമാനത്താവളം, കൊച്ചി മെട്രോ എന്നിവയുമായി സഹകരിച്ചാണ് പരിപാടി.
പ്രവേശന ഫീസ്
കുടുംബത്തിന്: 250
മുതിർന്നവർക്ക്: 100
വിദ്യാർത്ഥികൾക്ക് 50