15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്കും പുതിയതിനും ബാധകം; കേരളത്തില്‍ മാറ്റം പ്രാബല്യത്തില്‍

Tuesday 01 April 2025 6:32 PM IST

തിരുവനന്തപുരം: ഏപ്രില്‍ ഒന്ന് മുതല്‍ സംസ്ഥാനത്ത് വാഹന ഉപയോക്താക്കള്‍ ശ്രദ്ധിക്കേണ്ട സുപ്രധാനമായ ഒരു മാറ്റം പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. 15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ ഉപയോഗിക്കുന്നവരേയും പുതിയതായി ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവരേയുമാണ് പുതിയ മാറ്റം ബാധിക്കുക. സംസ്ഥാനത്ത് മോട്ടോര്‍ വാഹന നികുതി പുതുക്കി ഉത്തരവിറക്കിയിരിക്കുകയാണ്. ബഡ്ജറ്റിലെ പ്രഖ്യാപനം ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തിലായിക്കഴിഞ്ഞു.

15 വര്‍ഷത്തെ രജിസ്‌ട്രേഷന്‍ കാലാവധി കഴിഞ്ഞ ഇരുചക്ര വാഹനങ്ങള്‍ക്കും സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന മുച്ചക്ര വാഹനങ്ങള്‍ക്കും നികുതി ഇനത്തില്‍ 400 രൂപയാണ് വര്‍ദ്ധിപ്പിച്ചിട്ടുള്ളത്. 750 കിലോഗ്രാം വരെയുള്ള കാറുകള്‍ക്ക് 3200 രൂപയും 751 കിലോഗ്രാം മുതല്‍ 1500 വരെയുള്ള കാറുകള്‍ക്ക് 4300 രൂപയും 1500-ന് മുകളിലുള്ള വാഹനങ്ങള്‍ക്ക് 5300 രൂപയുമാണ് വര്‍ധിപ്പിച്ചിട്ടുള്ളത്. ഇതിനുപുറമേ സംസ്ഥാനത്ത് രജിസ്റ്റര്‍ചെയ്ത കോണ്‍ട്രാക്ട് ക്യാരേജ് വാഹനങ്ങളില്‍ ഓര്‍ഡിനറി, പുഷ്ബാക്ക്, സ്ലീപ്പര്‍ സീറ്റുകള്‍ എന്നീ തരംതിരിവ് ഒഴിവാക്കി ഏകീകരിക്കുകയും ചെയ്തു.

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നിലവില്‍ മൊത്തം വിലയുടെ അഞ്ച് ശതമാനമാണ് നികുതി ചുമത്തിയിരുന്നത്. എന്നാല്‍ ഇനി മുതല്‍ ഈ രീതി മാറുകയാണ്. 15 ലക്ഷം രൂപ വരെ വിലയുള്ള വാഹനങ്ങള്‍ക്ക് നികുതി അഞ്ച് ശതമാനമായി തന്നെ തുടരും എന്നാല്‍ 15-20 ലക്ഷം വരെ വിലയുള്ള വാഹനങ്ങളുടെ നികുതി മൂന്ന് ശതമാനം കൂടി വര്‍ദ്ധിപ്പിച്ച് എട്ട് ശതമാനമാക്കിയിരിക്കുകയാണ്. വാഹനത്തിന്റെ വില 20 ലക്ഷത്തിന് മുകളിലാണെങ്കില്‍ നികുതിയായി ഈടാക്കുക പത്ത് ശതമാനം തുകയാണ്. ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ക്കും ത്രീവീലറുകള്‍ക്കും നികുതി അഞ്ച് ശതമാനമായിത്തന്നെ തുടരും.