'മല്ലിക സുകുമാരനുമായി സംസാരിച്ചു, സിനിമയുടെ പേരില്‍ ആരേയും വേട്ടയാടാന്‍ അനുവദിക്കില്ല'

Tuesday 01 April 2025 7:04 PM IST

തിരുവനന്തപുരം: സിനിമയുടെ ഉള്ളടക്കത്തിന്റെ പേരില്‍ ആരെയും വേട്ടയാടാന്‍ അനുവദിക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. മല്ലികാ സുകുമാരനുമായി ഫോണില്‍ സംസാരിച്ചു. മോഹന്‍ലാല്‍,പൃഥ്വിരാജ് തുടങ്ങിയവര്‍ മലയാള സിനിമാ വ്യവസായത്തില്‍ അവിഭാജ്യ ഘടകമാണ്. ഇരുവര്‍ക്കും പിന്തുണ. സൈബര്‍ അറ്റാക്കോ ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദ്ദമോ കേരളത്തില്‍ വിലപ്പോവില്ല. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് ഏറെ വിലനല്‍കുന്ന സംസ്ഥാനമാണ് കേരളം. ആ പാരമ്പര്യം കേരളം കാത്ത് സൂക്ഷിക്കും.

എമ്പുരാന്‍ ഒരു വാണിജ്യ സിനിമ ആണെങ്കിലും ചില കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞു വെക്കുന്നുണ്ട്. ഗുജറാത്ത് കലാപവും ഗോധ്ര സംഭവവും ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടിട്ടുള്ളതാണ്. സത്യം തുറന്ന് പറഞ്ഞു എന്നതിന്റെ പേരില്‍ ആരെയും ക്രൂശിക്കാന്‍ കേരള ജനത അനുവദിക്കില്ല. ഗുജറാത്ത് അല്ല കേരളം എന്നത് സംഘപരിവാര്‍ മനസിലാക്കണം. എംപുരാന്‍ ടീമിനെ ഒറ്റതിരഞ്ഞ് ആക്രമിക്കാന്‍ അനുവദിക്കില്ല. അതിനുള്ള പ്രതിരോധം കേരളം തീര്‍ക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.

അതേസമയം, എമ്പുരാന്റെ ഒറിജിനല്‍ പതിപ്പില്‍ 17 അല്ല മറിച്ച് 24 ഇടത്താണ് വെട്ടിയതെന്ന് വിവരം. ചിത്രത്തിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമ രംഗങ്ങള്‍ മുഴുവനായും ഒഴിവാക്കി. മത ചിഹ്നങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനങ്ങള്‍ കടന്നുപോകുന്ന സീനും ഒഴിവാക്കിയിട്ടുണ്ട്. ഒരു മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്ത വിവരങ്ങളാണ് പുറത്തുവരുന്നത്.ചിത്രത്തിന്റെ നന്ദി കാര്‍ഡില്‍ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ഒഴിവാക്കിയിട്ടുണ്ട്.

പ്രധാന വില്ലന്‍ കഥാപാത്രവും മറ്റൊരു വില്ലന്‍ കഥാപാത്രവും തമ്മിലെ സംഭാഷണം വെട്ടിമാറ്റി. എന്‍ഐഎയെ കുറിച്ച് പറയുന്ന ഭാഗം മ്യൂട്ട് ചെയ്തു. പ്രധാന വില്ലന്‍ കഥാപാത്രത്തിന്റെ പേര് ബജ്രംഗി എന്നത് മാറ്റി ബല്‍ദേവ് എന്നാക്കി. റീ എഡിറ്റിംഗ് സെന്‍സര്‍ രേഖയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.ചിത്രത്തിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് സിനിമയില്‍ മാറ്റങ്ങള്‍ വരുത്തണമെന്നാവശ്യപ്പെട്ട് നിര്‍മ്മാതാക്കള്‍ തന്നെ സെന്‍സര്‍ ബോര്‍ഡിനെ സമീപിച്ചത്.