ട്രംപിന്റെ  തീരുവ  ഇന്നുമുതൽ,​ ഇന്ത്യൻ  വിപണി മുൾമുനയിൽ

Wednesday 02 April 2025 4:45 AM IST

കൊച്ചി: ഇന്ത്യൻ ഉത്പന്നങ്ങൾക്ക് പകരച്ചുങ്കം ഏർപ്പെടുത്താനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനം ഇന്ന് പ്രാബല്യത്തിൽ വരാനിരിക്കെ, കനത്ത ആശങ്കയിൽ സാമ്പത്തിക രംഗം. ഓരോ രാജ്യത്തിനും ബാധകമാവുന്ന ചുങ്കം ഇന്ന് വൈകിട്ട് മൂന്നിന് (ഇന്ത്യയിൽ സമയം വ്യാഴാഴ്ച പുലർച്ചെ 12.30ന്) ട്രംപ് പ്രഖ്യാപിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചിരിക്കുകയാണ്.

ഇതിനു പിന്നാലെ, സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ഇന്ത്യയിൽ സ്വർണ വില പവന് 680 രൂപ ഉയർന്ന് 68,080 രൂപയെന്ന റെക്കോഡിലെത്തി.

ഓഹരി നിക്ഷേപകരുടെ ആസ്തിയിൽ മൂന്ന് ലക്ഷം കോടി രൂപയിലധികം നഷ്ടമുണ്ടായി. മുഖ്യ സൂചികയായ സെൻസെക്‌സ് 1,390 പോയിന്റ് ഇടിഞ്ഞ് 76,024.51ൽ അവസാനിച്ചു. ദേശീയ സൂചികയായ നിഫ്‌റ്റി 353.65 പോയിന്റ് നഷ്‌ടത്തോടെ 23,165.70ൽ എത്തി.

ഇന്ത്യ ഈടാക്കുന്നതിന് തതുല്യമായ പകരച്ചുങ്കം ട്രംപ് ഏർപ്പെടുത്തുന്നത് കയറ്റുമതിയിൽ 730 കോടി ഡോളറിന്റെ ഇടിവ് സൃഷ്‌ടിച്ചേക്കും.ഇന്ത്യ നികുതി ഇളവുകൾ നൽകുമെന്നാണ് ഇന്നലെ ട്രംപ് പ്രഖ്യാപിച്ചത്. അവസാന നിമിഷം തീരുവ വർദ്ധന ഒഴിവാക്കി പുതിയ വ്യാപാര ചർച്ചയ്ക്ക് അമേരിക്ക തയ്യാറാവുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര സർക്കാരും കയറ്റുമതി ലോകവും.

മേഖലകൾ തിരിച്ചാണോ ഉത്പന്നങ്ങൾക്കാണോ അമേരിക്ക അധിക തീരുവ ഈടാക്കുകയെന്നതിലും വ്യക്തത വന്നിട്ടില്ല. റഷ്യയ്ക്കും ഇറാനുമെതിരെ രണ്ടാം ഘട്ട നടപടികൾക്ക് ട്രംപ് ഒരുങ്ങുന്നെന്ന വാർത്ത ക്രൂഡോയിൽ വില കൂടാനും ഇടയാക്കി.

2021-22 വർഷം മുതൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് അമേരിക്ക. ഇന്ത്യയുടെ മൊത്തം കയറ്റുമതിയിൽ 18 ശതമാനം അമേരിക്കയിലേക്കാണ്. മൊത്തം ഇറക്കുമതിയിൽ 6.22 ശതമാനം മാത്രമാണ് അവിടെ നിന്നുള്ളത്.

ഇന്ത്യയുടെ നേട്ടം

അട്ടിമറിക്കും

 ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം താരതമ്യം ചെയ്യുമ്പോൾ,ഇന്ത്യയ്ക്ക് 3532 കോടി ഡോളർ മിച്ചമാണ്. അതേസമയം, അമേരിക്കയ്ക്ക് 4570 കോടി ഡോളർ കമ്മിയാണ്. അമേരിക്കയ്ക്ക് വ്യാപരക്കമ്മി വരുത്തുന്ന ചൈന അടക്കമുള്ള എല്ലാ രാജ്യങ്ങൾക്കും അധിക നികുതി ചുമത്താനാണ് ട്രംപിന്റെ തീരുമാനം

 അമേരിക്കൻ ഉത്പന്നങ്ങൾക്ക് ശരാശരി 9.5 ശതമാനം തീരുവയാണ് ഇന്ത്യ ഈടാക്കുന്നത്. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്കയിൽ ശരാശരി മൂന്ന് ശതമാനമാണ് തീരുവ. അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഏറ്റവും കൂടുതൽ തീരുവ ചുമത്തുന്നത് ഇന്ത്യയാണ്

ട്രം​പ് ​തീരുവ ​കൂ​ട്ടു​ന്ന ഇ​ന്ത്യ​ൻ​
​ഉ​ത്പ​ന്ന​ങ്ങൾ

വാഹന ടയർ, മദ്യം, മത്സ്യം, മാംസം, ശീതികരിച്ച സമുദ്രോത്പന്നങ്ങൾ, ഫുട്‌വെയറുകൾ, സ്വർണം, വെള്ളി, ഡയമണ്ട്, എൻജിനിയറിംഗ് ഉത്പന്നങ്ങൾ, തുകൽ, വസ്ത്രങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്

ട്രം​പ് ​ ഇ​ള​വ് തേ​ടു​ന്നവ

ഇന്ത്യയിലേക്ക് അയയ്ക്കുന്ന വ്യാവസായിക ഉത്പന്നങ്ങൾ, വാഹനങ്ങൾ, മദ്യം, പെട്രോകെമിക്കൽ ഉത്പന്നങ്ങൾ, പാൽ ഉൾപ്പെടെയുള്ള കാർഷിക സാധനങ്ങൾ