സന്തോഷ് വധക്കേസിൽ കൂടുതൽ പ്രതികൾക്ക് പങ്ക്
കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക് കാട്ടിശേരി കിഴക്കതിൽ സന്തോഷിനെ (45) വെട്ടിക്കൊലപ്പെടുത്തിയ കേസ് ആറ് ദിവസം പിന്നിടുമ്പോഴും പ്രധാന പ്രതികൾക്കായുള്ള അന്വേഷണം തുടരുന്നു. സംഭവശേഷം പ്രതികൾ ഉപേക്ഷിച്ച നാടൻ ബോംബ് ഓച്ചിറ വയനകത്തുള്ള ആൾത്താമസമില്ലാത്ത വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തു.
കസ്റ്റഡിലെടുത്ത പ്രതികളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ വൈകിട്ട് അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് ബോംബ് കണ്ടെടുത്തത്. മുഖ്യ പ്രതികളുടെ മൊബൈൽ ഫോണുകൾ ഓഫ് ആയതിനാൽ മൊബൈൽ ടവറുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണവും വഴിമുട്ടി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെയാണ് കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ പേർ സംഭവത്തിൽ ഉൾപ്പെട്ടതായി അറിയുന്നത്.
പൊലീസ് മുഖ്യ പ്രതികളെന്ന് സംശയിക്കുന്ന പങ്കജ്, അലുവ അതുൽ, സാമുവൽ എന്നിവർക്കായുള്ള അന്വേഷണം ഊർജ്ജിതപ്പെടുത്തി. സാമുവൽ എം.ഡി.എം.എ കേസിൽ ജയിലിലായിരുന്നു. ഒന്നര മാസം മുമ്പാണ് ഇയാൾ ജയിൽ മോചിതനായത്. പഴുതടച്ചുള്ള ഗൂഢാലോചന സംഭവത്തിന് മുമ്പ് നടന്നെന്നാണ് പൊലീസ് കരുതുന്നത്. പൊലീസ് നീക്കം അറിയുന്നതിനും കൃത്യത്തിന് ശേഷം തിരികെ പോകുന്നതിനും പ്രത്യേക ഒരുക്കങ്ങൾ നടത്തിയിരുന്നതായും പൊലീസിന് വിവരം ലഭിച്ചതായി അറിയുന്നു. അതിനാലാണ് കൂടുതൽ പേർ കൃത്യത്തിൽ പങ്കെടുത്തുവെന്ന് പൊലീസ് പറയുന്നത്.
കേസിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെയും എത്രയും വേഗം അറസ്റ്റ് ചെയ്യുമെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഓരോ ദിവസത്തേയും അന്വേണത്തിന്റെ പുരോഗതി എ.സി.പി അഞ്ജലി ഭാവനയുടെയും കരുനാഗപ്പള്ളി എസ്.എച്ച്.ഒ വി.ബിജുവിന്റെയും സാന്നിദ്ധ്യത്തിൽ വിലയിരുത്തുന്നുണ്ട്.