ഫയർമാൻ റാങ്ക് ലിസ്റ്റിൽ 583 പേർ മാത്രം ഉദ്യോഗാർത്ഥികൾ നിരാശയിൽ

Wednesday 02 April 2025 12:42 AM IST

തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റുകൾ മെലിയുന്നത് പതിവാകുന്നതിനിടെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ട്രെയിനിയുടെ പുതിയ റാങ്ക് ലിസ്റ്റും പകുതിയായി ചുരുങ്ങി. 583 പേർ മാത്രമാണ് ലിസ്റ്റിലുള്ളത്. നിലവിൽ 255 ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇനി റിപ്പോർട്ട് ചെയ്യാനുള്ള ഒഴിവുകളും എൻ.ജെ.ഡിയും അടക്കം കണക്കാക്കുമ്പോൾ നിലവിലെ റാങ്ക്ലിസ്റ്റിൽ ഉൾപ്പെട്ടവർപോലും മതിയാകില്ലെന്നാണ് ഉദ്യോഗാർത്ഥികൾ പറയുന്നത്.
ഇതേ തസ്തികയുടെ കഴിഞ്ഞ റാങ്ക്ലിസ്റ്റിൽ 674 പേർക്ക് നിയമനശുപാർശ ലഭിച്ചിരുന്നു. ഈ റാങ്ക് ലിസ്റ്റിൽ 1131 പേരുണ്ടായിരുന്നു. മെയിൻലിസ്റ്റിൽ 806 പേരും സപ്ലിമെന്ററി ലിസ്റ്റിൽ 325 പേരും. പുതിയ ലിസ്റ്റിൽ യഥാക്രമം 487 പേരും 96 പേരും മാത്രമേയുള്ളൂ.

ഫയർമാന്റെ കഴിഞ്ഞ റാങ്ക്‌ ലിസ്റ്റ് 2024 മേയ് 23 നാണ് റദ്ദായത്. ഒ.എം.ആർ പരീക്ഷ, കായികപരിക്ഷ, നീന്തൽ പരീക്ഷ എന്നിങ്ങനെ വിവിധ പരീക്ഷകൾ വിജയിച്ചവരാണ് റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെടുന്നത്.