മാ‌ർച്ചിൽ തിമിർത്ത് വേനൽമഴ, 91 % അധിക പെയ്‌ത്ത്

Thursday 03 April 2025 12:38 AM IST

 എറണാകുളം - 54.1 മില്ലിമീറ്റർ, 44 ശതമാനം കൂടുതൽ

കൊച്ചി: ലാനിനയുടെ സ്വാധീനത്തിൽ കേരളത്തിൽ വേനൽ മഴ അധികമായി ലഭിച്ചു. മാർച്ചിൽ 91 ശതമാനം അധിക മഴയാണ് പെയ്തത്. സാധാരണ 34.4 മി.മീറ്റർ ലഭിക്കേണ്ട സ്ഥാനത്ത് 65.7 മി.മീറ്റർ മഴ രേഖപ്പെടുത്തി. 2017 ന് ശേഷം ഇതാദ്യമായാണ് ഇത്രയധികം വേനൽ മഴ ലഭിക്കുന്നത്. പസഫിക് സമുദ്രത്തിലെ ജലത്തിന്റെ താപനില ക്രമാതീതമായി കുറയുന്നതാണ് ലാനിന പ്രതിഭാസത്തിന് കാരണം. ലാനിനയുടെ പ്രവർത്തനം എൽനിനോയുടെ മാറ്റങ്ങൾക്ക് വിപരീതമാണ്.

കോട്ടയത്താണ് ഏറ്റവും കൂടുതൽ വേനൽ മഴ ലഭിച്ചത് - 121.2 മി.മീറ്റർ. സാധാരണ ലഭിക്കുന്ന 54.9 മി.മീറ്ററിനേക്കാൾ 66.3 മി.മീറ്റർ അധികം. തൊട്ടുപിന്നിൽ പത്തനംതിട്ട (109 മി.മീറ്റർ), തിരുവനന്തപുരം (107 മി.മീറ്റർ) ജില്ലകളാണ്. 13 ജില്ലകളിലും നല്ല മഴ ലഭിച്ചപ്പോൾ കാസർകോട് 62 ശതമാനം കുറവ് മഴയാണ് പെയ്തത്. അവിടെ 16.2 മി.മീറ്ററിന് പകരം 6.1 മി.മീറ്റർ മാത്രമാണ് ലഭിച്ചത്. എറണാകുളം ജില്ലയിൽ 65.7 മി.മീറ്റർ മഴയാണ് മാർച്ചിൽ ലഭിച്ചത്, ഇത് സാധാരണ ലഭിക്കുന്നതിനേക്കാൾ 15.4 മി.മീറ്റർ കൂടുതലാണ്. പട്ടികയിൽ എറണാകുളം പത്താം സ്ഥാനത്താണ്.

 ലാനിന പ്രതിസന്ധികൾ ശൈത്യകാലത്ത് വേനൽകാലമെന്നപോലെ ചൂട് അനുഭവപ്പെടുക

 മഴക്കാലത്ത് വലിയതോതിൽ മഴ പെയ്യുക

 മഞ്ഞുവീഴ്ച അതിതീവ്രമാകുക

 ചൂടിൽ വെള്ളാനിക്കര

വേനൽമഴ മാത്രമല്ല, പൊള്ളുന്ന ചൂടും സമ്മാനിച്ചാണ് മാ‌ർച്ച് കടന്നുപോയത്. കഴിഞ്ഞമാസം തൃശൂരിലെ വെള്ളാനിക്കരയിലാണ് ഏറ്റവും അധികം ചൂട് രേഖപ്പെടുത്തിയത്. 39 ഡിഗ്രി സെൽഷ്യസ്. മാർച്ച് 25ന് പാലക്കാട് രേഖപ്പെടുത്തിയത് 38.9 ഡിഗ്രി സെൽഷ്യസ് താപനിലയാണ് പട്ടികയിൽ രണ്ടാമത്. കണ്ണൂർ എയർപോർട്ട് (38.4-), കോട്ടയം (38.2), പുനലൂർ (37.8), കൊച്ചി സിയാൽ (37.4) കരിപ്പൂർ വിമാനത്താവളം (37)കോഴിക്കോട് നഗരം(37), കണ്ണൂർ (36.2),തിരുവനന്തപുരം നഗരം (35.6), കൊച്ചി വിമാനത്താവളം (34.6) എന്നിങ്ങനെയാണ് ചൂട് പട്ടിക.

സംസ്ഥാനത്ത് വരുന്ന നാലുദിവസം ഇടിമിന്നലോടെ ശക്തമായ വേനൽമഴയ്ക്ക് സാദ്ധ്യതയുണ്ട്. മലയോരമേഖലകളിൽ ശക്തമായ കാറ്റും ഉണ്ടായേക്കും

രാജീവൻ എരിക്കുളം

കാലാവസ്ഥാ വിദഗ്ദ്ധൻ