പ്രവാസികള്‍ കാത്തിരുന്ന വാര്‍ത്തയെത്തി; കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്ക് പുതിയ സര്‍വീസ് പ്രഖ്യാപിച്ച് വിമാനക്കമ്പനി

Wednesday 02 April 2025 7:05 PM IST

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് നിരവധി പ്രവാസികള്‍ ജോലി ചെയ്യുന്ന ഗള്‍ഫ് സെക്ടറിലേക്ക് പുതിയ വിമാന സര്‍വീസ് പ്രഖ്യാപിച്ചു. ബജറ്റ് എയര്‍ലൈന്‍ കമ്പനിയായ ഇന്‍ഡിഗോയാണ് കേരളത്തില്‍ നിന്ന് നേരിട്ട് പുതിയ സര്‍വീസ് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഒമാന്‍ തലസ്ഥാനമായ മസ്‌കറ്റിലേക്കാണ് പുതിയ സര്‍വീസ്. ഏപ്രില്‍ മാസം 20ാം തീയതി മുതല്‍ ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് ആരംഭിക്കാനിരിക്കുന്നത്.

ചൊവ്വാഴ്ച, വ്യാഴാഴ്ച, ശനിയാഴ്ച ദിവസങ്ങളില്‍ ആയിരിക്കും പുതിയ സര്‍വീസുകള്‍. കേരളത്തേയും ഗള്‍ഫ് മേഖലയേയും തമ്മില്‍ ബന്ധിപ്പിക്കുന്നതില്‍ കൂടുതല്‍ കരുത്ത് പകരുന്നതാകും പുതിയ സര്‍വീസ്. ഒമാനിലേക്ക് നേരിട്ടുള്ള സര്‍വീസ് ആരംഭിക്കുമ്പോള്‍ അത് കണ്ണൂര്‍ വിമാനത്താവളത്തിനെ സംബന്ധിച്ചും വലിയ നേട്ടമാണ്. ഗള്‍ഫ് സെക്ടറിലേക്കുള്ള സര്‍വീസുകള്‍ കൂടുതല്‍ മെച്ചപ്പെടുന്നത് വിമാനത്താവളത്തിന്റെ വികസനത്തിന് മുതല്‍ക്കൂട്ടായി മാറും.

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് നിലവില്‍ ഗള്‍ഫിലുടനീളമുള്ള 11 വിമാനത്താവളങ്ങളിലേക്ക് സര്‍വീസുകള്‍ നടത്തുന്നുണ്ട്. യുഎഇയിലെ അബൂദബിയിലേക്ക് ആഴ്ചയില്‍ 17 സര്‍വീസുകളും, ഷാര്‍ജയിലേക്ക് 12 സര്‍വീസുകള്‍ നടത്തുന്നുണ്ട്. ഖത്തര്‍ തലസ്ഥാനമായ ദോഹയിലേക്കും ആഴ്ചയില്‍ 12 സര്‍വീസുകളാണുള്ളത്. ഇതിന് പുറമേ ദുബായിലേക്കും മസ്‌ക്കറ്റിലേക്കും കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് പ്രതിദിന സര്‍വീസുകള്‍ നടത്തുന്നുണ്ട്.