സാമ്പത്തിക തട്ടിപ്പ് കേസ്: ആരോപണം അടിസ്ഥാന രഹിതമെന്ന് ഷാൻറഹ്മാൻ
കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ വിശദീകരണവുമായി സംഗീത സംവിധായകൻ ഷാൻ റഹ്മാൻ രംഗത്ത്. പരിപാടിയുടെ ഡയറക്ടറും പരാതിക്കാരനുമായ നിജുരാജ് സാമ്പത്തികമായി വഞ്ചിച്ചെന്നും അഞ്ച് ലക്ഷം രൂപ തിരികെ നൽകിയിട്ടും ആത്മഹത്യാ ഭീഷണി മുഴക്കി സമ്മർദ്ദത്തിലാക്കിയെന്നും ഷാൻ റഹ്മാൻ യൂട്യൂബ് വീഡിയോയിൽ ആരോപിച്ചു.
ഒരു രൂപ പോലും നൽകില്ലെന്ന് അറിഞ്ഞതോടെയാണ് നിജു കേസ് നൽകിയത്. വിഷയത്തിൽ സത്യം മനസിലാക്കാതെ പലരും ആരോപണങ്ങൾ ഉന്നയിക്കുകയാണ്.
ദുബായിൽ ചെയ്ത 'ഉയരെ' ഷോ പോലെ ഒന്ന് കൊച്ചിയിൽ നടത്താൻ ആഗ്രഹിച്ചു. ഇതനുസരിച്ച് നിജുരാജ് സി.ഇ.ഒയായ ഉദയ പ്രോ തന്നെ സമീപിച്ചു. പരിപാടി നടത്താൻ തീരുമാനിച്ചെങ്കിലും സ്പോൺസർമാരെ ലഭിച്ചില്ല. തുടർന്ന് പരിപാടി ചെറിയ തോതിൽ നടത്താൻ തീരുമാനിച്ചു. ഇത് നിജുവിനെ അറിയിച്ചപ്പോൾ അറോറ എന്റർടെയിൻമെന്റ്‌സ് എന്ന പേരിൽ തങ്ങൾക്ക് സ്ഥാപനമുണ്ടെന്നും പരിപാടിക്കായി 25 ലക്ഷം രൂപ നിക്ഷേപിക്കാമെന്നും നിജു അറിയിച്ചു. ലാഭത്തിന്റെ 70 ശതമാനമായിരുന്നു നിജു ആവശ്യപ്പെട്ടത്, ഇത് ഷാൻ സമ്മതിച്ചു.
ഷോയുടെ അനൗൺസ്‌മെന്റ് കഴിഞ്ഞെങ്കിലും നിജുവിന്റെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നും ഉണ്ടായില്ല. അഞ്ച് ലക്ഷം രൂപ ഷാനിന്റെ കമ്പനി അക്കൗണ്ടിലേക്ക് നിജു നൽകി. ഷോയുടെ തലേദിവസമാണ് ഉദയ പ്രോ അല്ല പ്രൊഡക്ഷൻ ചെയ്യുന്നതെന്ന് ഷാൻ അറിഞ്ഞത്. അനുമതിയില്ലാതെ ഡ്രോൺ പറത്തിയതിന് അറസ്റ്റിലായ നിജുവിനെ ഷാനിന്റെ സംഘാംഗങ്ങളാണ് ജാമ്യത്തിൽ ഇറക്കിയത്. പിന്നീട് നിജു 51 ലക്ഷത്തിന്റെ ബില്ലുമായി വന്നു. ഈ പണം മുഴുവൻ നൽകണമെന്ന് പറയുന്നത് എന്ത് ന്യായമാണെന്ന് ഷാൻ ചോദിക്കുന്നു.
നിജു തന്റെ ഭാര്യയെ വിളിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയതോടെ, നിജു നൽകിയ അഞ്ച് ലക്ഷം രൂപ ഷാൻ തിരികെ നൽകി. എന്നിട്ടും നിജുവിന്റെ ശല്യം തീർന്നില്ല. കേസ് ഇപ്പോഴും നടക്കുകയാണ്. തനിക്കും കുടുംബത്തിനും ജോലി ചെയ്യണം, ജീവിക്കണം. ദയവായി ഉപദ്രവിക്കരുതെന്നും ഷാൻ വീഡിയോയിൽ അഭ്യർത്ഥിച്ചു. കേസിൽ എറണാകുളം സൗത്ത് പൊലീസ് ഷാനിന്റെയും ഭാര്യയുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.