നിയമനമില്ല: വനിതാ സി.പി.ഒ റാങ്കുകാർ നിരാഹാര സമരത്തിൽ

Thursday 03 April 2025 12:58 AM IST

തിരുവനന്തപുരം: നിയമന കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ, വനിതാ സിവിൽ പൊലീസ് ഓഫീസർ(സി.പി.ഒ) റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർത്ഥികൾ സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം ആരംഭിച്ചു. ലിസ്റ്റിൽ നിന്ന്

30 ശതമാനം നിയമനംപോലും നടത്തിയിട്ടില്ലെന്ന് അവർ പറഞ്ഞു.

ഉദ്യോഗാർത്ഥികളായ ഹനീന, ബിനുസ്മിത, നിമിഷ എന്നിവരാണ് രാപ്പകൽ നിരാഹാരം അനുഷ്ഠിക്കുന്നത്.എഴുപതോളം ഉദ്യോഗാർത്ഥികളാണ് സമരത്തിനെത്തിയത്. വരും ദിവസങ്ങളിൽ ഇവരും നിരാഹാരത്തിലേക്ക് കടക്കും.

മുൻവർഷങ്ങളിൽ പുരുഷ പൊലീസ് റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർത്ഥികളും സമരം ചെയ്തിരുന്നു. 19നാണ് വനിതാ സി.പി.ഒ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നത്. 967 പേർ ഉൾപ്പെടുന്ന വനിതാ സി.പി.ഒ റാങ്ക് ലിസ്റ്റിൽ 259 പേർക്കാണ് നിയമന ശുപാർശ ലഭിച്ചത്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ ഓഫീസുകൾ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ലെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു.

സംസ്ഥാന പൊലീസ്‌ സേനയിലെ സ്ത്രീ പ്രാതിനിദ്ധ്യം 15 ശതമാനം ആക്കുമെന്ന എൽ.ഡി.എഫ് പ്രകടന പത്രികയിലെ വാഗ്ദ‌ാനത്തിന്റെ ഭാഗമായി 9:1 അനുപാതം ഇക്കുറി നടപ്പാക്കിയെങ്കിലും നിയമനം കുത്തനെ കുറയുകയാണുണ്ടായത്. പുരുഷ പൊലീസ് നിയമനം നടന്നാലേ വനിതാ നിയമനം നടക്കൂ എന്ന രീതി റാങ്ക് ലിസ്റ്റിൽ ഉള്ളവർക്ക് വിനയായി. സംസ്ഥാനത്ത് 56,000 പേരുള്ള പൊലീസ് സേനയിൽ അയ്യായിരത്തോളം വനിതകളാണുള്ളത്. ഒരു സ്റ്റേഷനിൽ കുറഞ്ഞത് ആറു വനിതാ സി.പി.ഒമാർ വേണമെന്നുണ്ട്. എന്നാൽ, സംസ്ഥാനത്തെ 454 പൊലീസ് സ്റ്റേഷനുകളിൽ മിക്കതിലും പകുതിപോലുമില്ല.