ഗോകുലിന്റെ ആത്മഹത്യയിൽ പൊലീസ് വീഴ്ച

Thursday 03 April 2025 12:22 AM IST

കൽപ്പറ്റ: പതിനേഴുകാരനായ ആദിവാസി യുവാവ് പൊലീസ് സ്റ്റേഷനിൽ തൂങ്ങിമരിച്ച സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് വീഴ്ച. ജില്ല പൊലീസ് മേധാവി തപോഷ് ബസുമതാരി നൽകിയ പ്രാഥമിക റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഗോകുൽ ശുചിമുറിയിൽനിന്നു തിരിച്ചെത്താൻ വൈകിയപ്പോൾ ഉദ്യോഗസ്ഥർ ജാഗ്രത കാണിച്ചില്ല. ഉത്തരമേഖലാ ഡി.ഐ.ജിക്കാണ് റിപ്പോർട്ട് നൽകിയത്.പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ട്.

ഗോകുലിന്റെ മൃതദേഹം ഇന്നലെ വൈകിട്ട് നാലരയോടെ സംസ്കരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റ് മോർട്ടത്തിനു ശേഷം ഇന്നലെ രണ്ടേ കാലിനാണ് മൃതദേഹം പുതിയ പാടി ഉന്നതിയിൽ എത്തിച്ചത്. ആദിവാസികൾ അടക്കം വൻജനാവലി ഉന്നതിയിലുണ്ടായിരുന്നു. അമ്മ ഓമനയെ സമാധാനിപ്പിക്കാൻ ഏറെ പാട‌ുപെട്ടു. ഗോകുലിനൊപ്പം പോയ പെൺകുട്ടിയെ മൃതദേഹം കാണിക്കണമെന്ന് ചിലർ ആവശ്യപ്പെട്ടു.