ചൂട് കടുത്തു; 3 മാസത്തിനിടെ 8203 പേർക്ക് മഞ്ഞപ്പിത്തം

Thursday 03 April 2025 12:24 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽചൂട് കടുത്തതോട ശുദ്ധമല്ലാത്ത ജലത്തിലൂടെ പകരുന്ന മഞ്ഞപ്പിത്തം വ്യാപകം. 8203പേർ കഴിഞ്ഞ മൂന്നുമാസത്തിനിടെ രോഗബാധിതരായി. 17പേർ മരിച്ചു. പലരിലും രോഗം ഗുരുതരമാകാത്തതിനാൽ ചെറിയൊരു ശതമാനം മാത്രമാണ് ചികിത്സ തേടുന്നത്. അതിനാൽ അനൗദ്യോഗിക കണക്കിൽ രോഗബാധിതരുടെ എണ്ണം പതിനായിരം കടക്കുമെന്ന് ആരോഗ്യവിദഗ്ദ്ധർ പറയുന്നു.

കഴിഞ്ഞവർഷം മാർച്ചിൽ 2203 പേർക്കാണ് രോഗം ബാധിച്ചത്. ഈ വർഷം മാർച്ചിൽ 3166പേർക്ക്. കഴിഞ്ഞ മൂന്നുമാസത്തിനിടെ ഉണ്ടായ മരണങ്ങളിൽ പകുതിയും മാർച്ചിലാണ്. പലരും രോഗംബാധിച്ച് അവസാനഘട്ടത്തിലാണ് ചികിത്സ തേടുന്നത്. ഇത് ജീവൻ അപകടത്തിലാക്കുമെന്ന് ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.

ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരൾ വീക്കത്തിന് കാരണമാവുകയും ചെയ്യും. പ്രായമായവരിലും ഗർഭിണികളിലും കുട്ടികളിലും മറ്റ് അനുബന്ധ രോഗങ്ങളുള്ളവരിലും മഞ്ഞപ്പിത്തം പിടിമുറുക്കും. മലിനമായ ജലസ്രോതസുകളിലൂടെയും ശുദ്ധമല്ലാത്ത ജലം ഉപയോഗിച്ച് തയ്യാറാക്കുന്ന ഭക്ഷണ പാനീയങ്ങളിലൂടെയും രോഗം ബാധിച്ചവരുമായി അടുത്ത സമ്പർക്കം പുലർത്തുന്നതിലൂടെയുമാണ് മഞ്ഞപ്പിത്തം പകരുന്നത്.

അതിനാൽ അതീവജാഗ്രത പുലർത്തണം. ശീതള പാനീയങ്ങൾ ശുദ്ധമായ ജലത്തിൽ തന്നെയാണോ തയ്യാറാക്കുന്നതെന്ന് ഉറപ്പുവരുത്തണം. പാനീയങ്ങളിൽ ഉപയോഗിക്കുന്ന ഐസ് തയ്യാറാക്കുന്ന വെള്ളത്തിന്റെ ശുദ്ധിയും പ്രധാനമാണ്. യാത്രകളിലടക്കം തിളപ്പിച്ചാറ്റിയ വെള്ളം കരുതുന്നത് നല്ലതാണ്.

ലക്ഷണം കണ്ടാൽ

ചികിത്സ തേടണം

പനി, ക്ഷീണം, ഛർദ്ദി എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. ഇവ കണ്ടാൽ ഉടൻ ചികിത്സ തേടണം

രണ്ടാഴ്ചവരെ മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കണം. ഇൻക്യുബേഷൻ പിരീഡായ ആറാഴ്ച വിശ്രമിക്കണം

പ്യൂരിഫയറുകളിൽ നടക്കുന്ന ശുദ്ധീകരണത്തിലൂടെ ഹെപ്പറ്റൈറ്റിസ് എ വൈറസ് നശിക്കില്ല

രോഗബാധിതർ ഭക്ഷണം, പാനീയങ്ങൾ തുടങ്ങിയവ തയ്യാറാക്കരുത്