അനൂപ് ആന്റണി ബി.ജെ.പി സംസ്ഥാന മീഡിയ പ്രഭാരി
Thursday 03 April 2025 12:24 AM IST
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന സോഷ്യൽമീഡിയ പ്രഭാരിയായി യുവമോർച്ച മുൻ ദേശീയ സെക്രട്ടറി അനൂപ് ആന്റണിയെ സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നിയമിച്ചു. 36കാരനായ അനൂപ് ആന്റണി എഞ്ചിനിയറിംഗ് ബിരുധദാരിയാണ്. വിവേകാനന്ദ കേന്ദ്രവും വിവേകാനന്ദ ഇന്റർനാഷണൽ ഫൗണ്ടേഷനുമായി ചേർന്ന് ഏതാനും വർഷങ്ങൾ പ്രവർത്തിച്ചതിന് ശേഷം 2011ൽ ബി.ജെ.പിയിൽ ചേർന്നു. മുതിർന്ന നേതാവ് എൽ. കെ. അദ്വാനി 2011ൽ നടത്തിയ 'ജൻ ചേത്ന യാത്ര'യിൽ അംഗമായിരുന്നു. പാർട്ടി നയ രേഖകളുടെ കരട് തയ്യാറാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. പാർട്ടിയുടെ ബൗദ്ധിക വിഭാഗം സെല്ലിലും പ്രവർത്തിച്ചിട്ടുണ്ട്. 2017ൽ പൂനം മഹാജൻ പ്രസിഡന്റായിരുന്നപ്പോൾ യുവമോർച്ചയുടെ ദേശീയ സെക്രട്ടറിയായി.നിലവിൽ ബി.ജെ.പി.സംസ്ഥാനസമിതി അംഗമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ നിന്ന് മത്സരിച്ചിരുന്നു.