വേനൽമഴ : ഒരു കോടിയുടെ കൃഷി​നാശം

Thursday 03 April 2025 12:25 AM IST

പത്തനംതിട്ട : വേനൽ മഴയിൽ ജില്ലയിൽ ഒരു കോടിയിലധികം രൂപയുടെ കൃഷി നാശം. 18.78 ഹെക്ടർ കൃഷിയാണ് വേനൽ മഴ കവർന്നത്. 491 കർഷകരുടെ കാർഷി​ക വി​ളകൾ നശിച്ചു. ഏത്തവാഴ പച്ചക്കറി, തെങ്ങിൻ ത്തൈകൾ, റബർത്തൈകൾ, കുരുമുളക്, കപ്പ എന്നിവയാണ് നശിച്ച കാർഷിക വിളകൾ. മാർച്ചിലാണ് വേനൽ മഴ ആരംഭിച്ചത്. എത്തവാഴയ്ക്കാണ് കൂടുതൽ നഷ്ടം. 1.5 ഹെക്ടറി​ലെ റബർതൈകൾ നശിച്ചു. 3 ലക്ഷം രൂപയുടെ നഷ്ടമാണ് റബറിൽ നിന്നുണ്ടായത്. 1.10 ഹെക്ടർ വെട്ടുന്ന റബർ നശിച്ചതോടെ ഒന്നര ലക്ഷം രൂപയുടെ നഷ്ടമാണ് ജില്ലയിലുണ്ടായത്. രണ്ട് ഹെക്ടർ കപ്പ കൃഷിയിൽ 25000 രൂപയുടെ നഷ്ടം രേഖപ്പെടുത്തി. വിഷു വിപണി ലക്ഷ്യമാക്കി കൃഷി ചെയ്ത വിളകളാണ് നശിച്ചതിലേറെയും. പച്ചക്കറി​കളും വ്യാപകമായി​ നശി​ച്ചു.

ഏത്തവാഴയ്ക്ക് ലക്ഷങ്ങളുടെ നഷ്ടം

5810 എത്തവാഴകൾ വേനൽ മഴയിൽ ഒടിഞ്ഞുവീണു. 4.43 ഹെക്ടർ എത്തവാഴ നശിച്ചിട്ടുണ്ട്. 168 കർഷകരുടെ കൃഷിയാണ് നശിച്ചത്. 23 ലക്ഷം രൂപയുടെ കൃഷി നാശമാണുണ്ടായിട്ടുള്ളത്. 200 കർഷകർക്ക് 7.35 ഹെക്ടറുകളിലായി 10500 കുലച്ച ഏത്തവാഴകൾ നശിച്ചിട്ടുണ്ട്. 63 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്.

  • മാർച്ച് ഒന്ന് മുതൽ ഇന്നലെ വരെയുള്ള കണക്ക്

ആകെ നഷ്ടം : 18.78 ഹെക്ടർ

കർഷകർ : 491

നഷ്ടം : 1.1 കോടിരൂപ