കലഞ്ഞൂരിൽ കെട്ടുകാഴ്ച വർണാഭം

Thursday 03 April 2025 12:28 AM IST

കലഞ്ഞൂർ : കലഞ്ഞൂർ മഹാദേവർ ക്ഷേത്രത്തിലെ രോഹിണി ഉത്സവത്തിന്റെ ഭാഗമായി കെട്ടുകാഴ്ച നടന്നു. ഇന്നലെ വൈകിട്ട് 4 ന് കിഴക്കേക്കരയിലെ കെട്ടുരുപ്പടികൾ ആൽത്തറ മൈതാനിയിലും പടിഞ്ഞാറേക്കരയിൽ നിന്നുള്ള കൊല്ലൻ മുക്കിലും സംഗമിച്ചു. ശിവസ്തുതികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ രോഹിണി ദിനത്തിന്റെ ആവേശം നിലനിറുത്തിയാണ് കെട്ടുരുപ്പടികൾ ക്ഷേത്ര സന്നിധിയിൽ അണിനിരന്നത്. ഇരുകരകളിൽ നിന്നും ഭക്തിയും കരവിരുതും സമ്മേളിക്കുന്ന ഒറ്റ, ഇരട്ട കാളകളും പുരാണ ഇതിഹാസ ഫ്ളോട്ടുകളും ക്ഷേത്ര സന്നിധിയിൽ അണിനിരന്നു. വൈകിട്ട് 4:30 ന് കെട്ടുകാഴ്ചകളുടെ ചുമതലക്കാർ നടയിൽ എത്തി വെറ്റിലയും പാക്കും സമർപ്പിച്ച് നാളികേരമുടച്ച് ക്ഷേത്രത്തിലേക്കുള്ള പ്രവേശനാനുമതി തേടി. ക്ഷേത്രം മേൽശാന്തി ജിതേഷ് രാമൻ പോറ്റി മുഖ്യ കാർമികത്വം വഹിച്ചു. വിവിധ ഗ്രൂപ്പുകളായി തിരിച്ച കെട്ടുരുപ്പടികൾ ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ച് മൂന്നു തവണ വലംവയ്ച്ചു. അമ്പലഭാഗം, ചക്കിട്ട, കുന്നത്തു ഭാഗം കല്ലറേത്ത്, കുടുത്ത മാമൂട്, കൊല്ലംമുക്ക്, പാലമല, കൊട്ടന്തറ, ഹൈസ്കൂൾ ജംഗ്ഷൻ, കുടുത്ത അമ്പലം, കാരുവയൽ, പറയംകോട്, കീച്ചേരി, കൊന്നേലയ്യം, ഡിപ്പോ ഭാഗം, കുറ്റമൺ എന്നിവിടങ്ങളിൽ നിന്നാണ് കെട്ടുകാഴ്ചകൾ എത്തിയത്.