കളിക്കാം കണ്ടങ്ങളിൽ ഇറങ്ങി, കട്ട സപ്പോർട്ടുമായി കളക്ടർ

Thursday 03 April 2025 12:30 AM IST

പത്തനംതിട്ട : അവധിക്കാലമാണ്. മൊബൈലിന്റെയും കമ്പ്യൂട്ടറിന്റെയും മുന്നിൽ നിന്ന് കണ്ടങ്ങളിലേക്ക് ഇറങ്ങി ബാറ്റുവീശാനുള്ള ജില്ലാകളക്ടർ എസ്.പ്രേംകൃഷ്ണന്റെ ആഹ്വാനത്തിന് സോഷ്യൽ മീഡിയയിൽ ആരവമേറെ. വേനൽക്കാലത്ത് സൗഹൃദങ്ങളുടെയും കൂട്ടായ്മയുടെയും കളിക്കളങ്ങൾ ഒരുക്കാൻ വിദ്യാർത്ഥികളെ പ്രേരിപ്പിച്ചുകൊണ്ട് ജില്ലാ കളക്ടർ ഫേസ്ബുക്ക് പോസ്റ്റിട്ടത് ഇന്നലെയാണ്. മണിക്കൂറുകൾക്കുള്ളിൽ അത് വൈറലായി.

"പ്രിയ വിദ്യാർത്ഥികളെ, വേനലിന്റെ ചൂടും അവധിയുടെ മധുരവും എത്തിച്ചേർന്നിരിക്കുന്നു. ഈ അവധിക്കാലം നമുക്ക് ഏറെ മനോഹരമാക്കണ്ടേ. കമ്പ്യൂട്ടറിനും മൊബൈലിനും മുന്നിൽ തളക്കപ്പെടാതെ നമ്മുക്ക് വീണ്ടും നമ്മുടെ കണ്ടങ്ങളിലേക്ക് ഇറങ്ങാം. ഫോ‌റും സിക്സറും പറത്തി,വിക്കറ്റുകൾ വീഴ്ത്തി ആ പോയകാല നന്മകളെ നമുക്ക് തിരിച്ചു പിടിക്കാം. മറ്റെല്ലാ ലഹരിയെയും മറന്നു ഈ പുതുലഹരിയെ നമ്മുക്ക് നേടാം. യുവത്വത്തിന്റെ ആവേശം ചെറുഗ്രൗണ്ടുകളിൽ നിന്ന് നിറഞ്ഞ വേദികളിലേക്ക് ഉയരട്ടെ. കേവലം കണ്ടം കളി മാത്രമല്ല ഇത്. നിങ്ങളുടെ ചെറിയ കളിസ്ഥലങ്ങളുടെ പേരും ഫോട്ടോയും ഈ പോസ്റ്റിന്റെ കമന്റ്‌ സെക്ഷനിൽ ഉൾപ്പെടുത്തുക. തിരഞ്ഞെടുക്കപ്പെടുന്ന കളിസ്ഥലങ്ങളിൽ നിങ്ങൾക്കൊപ്പം ബാറ്റ് വീശാൻ ഒരു കൂട്ടുകാരനായി ഞാനുമുണ്ടാവും. സൗഹൃദങ്ങളെ ചേർത്തു വെയ്ക്കാൻ ആവേശത്തെ പുറത്തെടുക്കാൻ നിങ്ങൾക്കൊപ്പം ഞാനുമുണ്ടാവും. സ്നേഹപൂർവ്വം നിങ്ങളുടെ കളക്ടർ...."

കണ്ടംക്രിക്കറ്റ് എന്ന പേരിലാണ് കളക്ടർ പോസ്റ്റിട്ടത്. കളക്ടർക്ക് പിന്തുണയമായി നിരവധിയാളുകൾ രംഗത്തുവന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കണ്ടങ്ങളിലും മൈതാനങ്ങളിലും ക്രിക്കറ്റ് കളിക്കുന്ന വീഡിയോകൾ പോസ്റ്റു ചെയ്തു.

കണ്ടംക്രിക്കറ്റിന് പിന്തുണയുമായി ജില്ലാ കളക്ടറുടെ ഫേസ് ബുക്ക് പോസ്റ്റ്