എമ്പുരാൻ റീ എഡിറ്റഡ് പതിപ്പ് തിയേറ്ററുകളിലെത്തി
തിരുവനന്തപുരം: 'എമ്പുരാൻ' സിനിമയുടെ റീ എഡിറ്റ് ചെയ്ത പതിപ്പിന്റെ പ്രദർശനം ഇന്നലെ രാവിലെ മുതൽ ആരംഭിച്ചു. 10നും 11നുമുള്ള ഷോകൾ മുതലാണ് മിക്കവാറും തിയേറ്ററുകളിൽ പുതിയ പതിപ്പിന്റെ പ്രദർശനം തുടങ്ങിയതെങ്കിലും മിഡ്നൈറ്റ് ഷോയുള്ള ചില തിയേറ്ററിൽ കഴിഞ്ഞ ദിവസം രാത്രി തന്നെ റീ എഡിറ്റഡ് പതിപ്പ് പ്രദർശിപ്പിച്ചിരുന്നു.
സ്ത്രീകൾക്കെതിരായ അതിക്രമത്തിന്റെ സീനുകൾ ഒഴിവാക്കിയിട്ടുണ്ട്. സിനിമയിൽ വില്ലൻ കഥാപാത്രത്തിന്റെ പേര് 'ബാബ ബജ്രംഗി 'എന്നത് 'ബൽദേവ്' എന്നാക്കി. ഇതുൾപ്പെടെ 24 മാറ്റങ്ങളാണുള്ളത്. ദൃശ്യങ്ങളിലെ 13കട്ടും വർഗീയകലാപം കാണിക്കുന്ന ആദ്യ അരമണിക്കൂറിലാണ്. ഇവിടെ കൃത്യം കാലഘട്ടം പരാമർശിക്കുന്നതു മാറ്റി 'കുറച്ചുവർഷങ്ങൾക്കു മുമ്പ് 'എന്നാക്കി.
കലാപ ഭാഗത്തെ കൊലപാതക ദൃശ്യവും പ്രധാന വില്ലൻ ഉൾപ്പെട്ട രണ്ട് ദൃശ്യങ്ങളും ചില സംഭാഷണങ്ങളും മതചിഹ്നങ്ങളുടെ പശ്ചാത്തലമുള്ള സീനുകളും ഒഴിവാക്കി. ആദ്യ പകുതിയിൽ വില്ലനും മുഖ്യസഹായിയും തമ്മിലുള്ള സംഭാഷണത്തിലെ 13 സെക്കന്റും മാറ്റി. ദൈർഘ്യം 2.08 മിനിറ്റ് കുറഞ്ഞെന്നും സിനിമയുടെ ആസ്വാദനത്തെ ബാധിക്കില്ലെന്നും നിർമ്മാതാക്കൾ വ്യക്തമാക്കി.