27 കോടിയുടെ ഭാരം !
ലക്നൗ : കഴിഞ്ഞ താരലേലത്തിൽ 27കോടി രൂപയ്ക്കാണ് ലക്നൗ സൂപ്പർ ജയന്റ്സ് റിഷഭ് പന്തിനെ സ്വന്തമാക്കിയത്. കെ.എൽ രാഹുലിനെ പറഞ്ഞുവിട്ട് പന്തിനെ നായകനുമാക്കി. പക്ഷേ ഈ സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ ബാറ്ററായും കീപ്പറായും പകിട്ട് കുറഞ്ഞതും രണ്ട് കളിയിൽ ടീം തോറ്റതും റിഷഭ് പന്തിനെ കടുത്ത സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്.
ആദ്യ മത്സരത്തിൽ ഡൽഹി ക്യാപ്പിറ്റൽസിനെതിരെ ഒറ്റ വിക്കറ്റിനാണ് ലക്നൗ തോറ്റത്. രണ്ടാം മത്സരത്തിൽ ഹൈദരാബാദിനെ അഞ്ചുവിക്കറ്റിന് തോൽപ്പിച്ച് ആശ്വാസം കണ്ടെത്തിയെങ്കിലും കഴിഞ്ഞരാത്രി പഞ്ചാബ് കിംഗ്സിനോട് എട്ടുവിക്കറ്റിന് തോറ്റു. ഡൽഹിക്കെതിരെ 0,ഹൈദരാബാദിനെതിരെ 15, പഞ്ചാബിനെതിരെ 2 എന്നിങ്ങനെയായിരുന്നു റിഷഭിന്റെ സ്കോറിംഗ്.ഡൽഹിക്കെതിരെ വിജയം ഉറപ്പായിരുന്ന മത്സരത്തിൽ പന്തിന്റെ അമിത ആത്മവിശ്വാസമാണ് ലക്നൗവിന് തിരിച്ചടിയായത്. അവസാന ഓവറിൽ സുന്ദരമായ ഒരു സ്റ്റംപിംഗ് അവസരവും പന്ത് കൈവിട്ടിരുന്നു.
പഞ്ചാബിനെതിരായ മത്സരശേഷം ലക്നൗ സൂപ്പർ ജയന്റ്സ് ടീം ഉടമ സഞ്ജീവ് ഗോയങ്കയും റിഷഭ് പന്തും തമ്മിൽ ഗ്രൗണ്ടിൽ വച്ചുള്ള സംസാരത്തിന്റെ വീഡിയോ വൈറലായിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ലക്നൗ ക്യാപ്ടനായിരുന്നപ്പോൾ ഇതുപോലെ മത്സരശേഷം ഗ്രൗണ്ടിൽവച്ച് ശകാരിച്ച ഗോയങ്കയുടെ നടപടിയാണ് കെ.എൽ രാഹുൽ ഇക്കുറി ഡൽഹിയിലേക്ക് മാറാൻ കാരണം. തന്റെ കരിയറിൽ വലിയ ഇടവേളയുണ്ടാക്കിയ കാറപകടത്തിന് ശേഷം രാജകീയമായാണ് ഡൽഹി ക്യാപ്പിറ്റൽസ് കഴിഞ്ഞ സീസണിൽ നായകനായി റിഷഭിനെ അവതരിപ്പിച്ചത്. എന്നാൽ പ്രതീക്ഷകൾക്കൊത്ത പ്രകടനം കാഴ്ചവയ്ക്കാൻ കഴിയാതെ സീസൺ ഒടുവിലെത്തുമ്പോഴേക്കും പന്തിനെ ഡൽഹിക്ക് വേണ്ടാതെയായിരുന്നു. ആ അവസ്ഥയിലേക്കാണോ ഈ സീസണിലും റിഷഭിന്റെ പോക്ക് എന്ന പേടിയിലാണ് ആരാധകർ.
റിഷഭ് പന്ത് @ 2025
0
Vs ഡൽഹി
15
Vs ഹൈദരാബാദ്
2
Vs പഞ്ചാബ്
27 കോടി
ഐ.പി.എൽ താരലേലത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന തുകയ്ക്കാണ് റിഷഭ് പന്തിനെ ലക്നൗ ഈ സീസണിൽ സ്വന്തമാക്കിയത്. നികുതികളെല്ലാം കഴിഞ്ഞ് 18.9 കോടിരൂപയാണ് താരത്തിന് ലഭിക്കുക.
റിഷഭ് പന്ത് ഇങ്ങനെ എല്ലാമത്സരങ്ങളിലും പെട്ടെന്ന് പുറത്താകുന്നത് ടീമിന് ഷോക്കാണ്. ഇതിന് മാറ്റമുണ്ടായില്ലെങ്കിൽ ലക്നൗവിന് രക്ഷപെടാനാവില്ല.
- ഹർഭജൻ സിംഗ്