ആർ.സി.ബിക്ക് ആദ്യപ്രഹരം
ഗുജറാത്ത് ടൈറ്റൻസ് എട്ടുവിക്കറ്റിന് ആർ.സി.ബിയെ തോൽപ്പിച്ചു
ആർ.സി.ബി 169/8(20 ഓവർ)
ഗുജറാത്ത് ടൈറ്റൻസ് 170/2(17.5)
ബെംഗളുരു : ഐ.പി.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളുരുവിനെ എട്ടുവിക്കറ്റിന് തകർത്ത് ഗുജറാത്ത് ടൈറ്റൻസ്. ഈ സീസണിലെ ആർ.സി.ബിയുടെ ആദ്യ തോൽവിയാണിത്. ഇന്നലെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആർ.സി.ബി നിശ്ചിത 20 ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 169 റൺസ് നേടിയപ്പോൾ 17.5 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഗുജറാത്ത് ലക്ഷ്യത്തിലെത്തി. മൂന്ന് കളികളിൽ ഗുജറാത്തിന്റെ രണ്ടാം ജയമാണിത്.
42 റൺസ് നേടുന്നതിനിടെ നാലു വിക്കറ്റുകൾ നഷ്ടമായിരുന്ന ആർ.സി.ബിയെ അർദ്ധസെഞ്ച്വറി നേടിയ ലിയാം ലിവിംഗ്സ്റ്റണാണ്(54) 169ൽ എത്തിച്ചത്.മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുൻ ആർ.സി.ബി താരം മുഹമ്മദ് സിറാജും രണ്ട് വിക്കറ്റ് നേടിയ സായ് കിഷോറും ഓരോ വിക്കറ്റ് വീതം നേടിയ അർഷദ് ഖാനും പ്രസിദ്ധ് കൃഷ്ണയും ഇശാന്ത് ശർമ്മയും ചേർന്നാണ് ആർ.സി.ബിയെ ഈ സ്കോറിൽ ഒതുക്കിയത്.
മറുപടിക്കിറങ്ങിയ ഗുജറാത്തിനായി ഓപ്പണർ സായ് സുദർശൻ(49), ഫസ്റ്റ് ഡൗൺ ജോസ് ബട്ട്‌ലർ (73*), സെക്കൻഡ് ഡൗൺ ഷെർഫെയ്ൻ റൂതർഫോഡ് (30*) എന്നിവർ കസറിയപ്പോൾ 13 പന്തുകൾ ബാക്കിയാക്കി വിജയത്തിലെത്തുകയായിരുന്നു. നായകൻ ശുഭ്മാൻ ഗില്ലിനെ (14) അഞ്ചാം ഓവറിൽ നഷ്ടമായശേഷം സായ് സുദർശനും ബട്ട്‌ലറും ചേർന്ന് രണ്ടാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 75 റൺസ് വിജയത്തിന് അടിത്തറയിട്ടു. 36 പന്തുകളിൽ ഏഴുഫോറും ഒരു സിക്സും പായിച്ച സായ് 14-ാം ഓവറിൽ പുറത്തായശേഷമെത്തിയ റൂതർഫോർഡ് ബട്ട്‌ലർക്കൊപ്പം 32 പന്തുകളിൽ നിന്ന് 63 റൺസ് കൂട്ടിച്ചേർത്തു. 39 പന്തുകൾ നേരിട്ട ബട്ട്‌ലർ അഞ്ച് ഫോറും ആറ് സിക്സുമടിച്ചു. 18 പന്തുകളിൽ ഒരു ഫോറും മൂന്ന് സിക്സുമടക്കമാണ് റൂതർഫോഡ് 30 റൺസ് നേടിയത്. സിറാജാണ് പ്ളേയർ ഒഫ് ദ മാച്ച്.
ടീം സ്കോർ എട്ട് റൺസിൽ നിൽക്കവേ രണ്ടാം ഓവറിൽ വിരാട് കൊഹ്‌ലിയെ (7) പ്രസിദ്ധ് കൃഷ്ണയുടെ കയ്യിലെത്തിച്ച് അർഷദ് ഖാനാണ് ആർ.സി.ബിക്ക് ആദ്യ പ്രഹരം നൽകിയത്. 13 റൺസിലെത്തിയപ്പോൾ ദേവ്‌ദത്ത് പടിക്കലിനെ (4) സിറാജ് ക്ളീൻ ബൗൾഡാക്കി. അഞ്ചാം ഓവറിൽ സിറാജ് തന്നെ ഫിൽ സാൾട്ടിന്റെ കുറ്റി തെറുപ്പിച്ചപ്പോൾ ആർ.സി.ബി 35/3 എന്ന നിലയിലായി. ഏഴാം ഓവറിൽ രജത് പാട്ടീദാറിനെ ഇശാന്ത് ശർമ്മ വിക്കറ്റിന് മുന്നിൽ കുരുക്കിയതോടെ ക്രീസിൽ ഒരുമിച്ച ലിവിംഗ്സ്റ്റണും ജിതേഷ് ശർമ്മയും (33) ചേർന്ന് 94 റൺസിലെത്തിച്ചു. ജിതേഷും ക്രുനാലും (5) പുറത്തായശേഷം ടിം ഡേവിഡിനെ(32)ക്കൂട്ടി ലിവിംഗ്സ്റ്റൺ 150ലെത്തിച്ചു.
ഇന്നത്തെ മത്സരം
കൊൽക്കത്ത Vs ഹൈദരാബാദ്
7.30 pm മുതൽ
( ഇന്നലത്തെ മത്സരത്തിന്റെ ഫലം വരും മുന്നേയുള്ള നില)