യശസ്വി മുംബയ് വിടുന്നു

Thursday 03 April 2025 12:18 AM IST

മുംബയ്: ആഭ്യന്തരക്രിക്കറ്റിൽ മുംബയ് ടീം വിട്ട് ഗോവയിലേക്ക് മാറാൻ യുവ ഇന്ത്യൻതാരം യശസ്വി ജയ്സ്വാൾ. അണ്ടർ 19 മുതൽ മുംബയ്ക്ക് വേണ്ടി കളിക്കുന്ന യശസ്വി ഗോവയിലേക്ക് മാറാൻ എൻ.ഒ.സി ആവശ്യപ്പെട്ട് മുംബയ് ക്രിക്കറ്റ് അസോസിയേഷന് കത്ത് നൽകി. വ്യക്തിപരമായ കാരണങ്ങളാണ് ടീം മാറ്റത്തിന് യശസ്വി ചൂണ്ടിക്കാണിക്കുന്നത്. യശസ്വിയെ ഗോവ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി ശംഭ ദേശായി സ്വാഗതം ചെയ്തിട്ടുണ്ട്.

കഴിഞ്ഞ സീസണിൽ അർജുൻ ടെൻഡുൽക്കർ, സിദ്ധേഷ് ലാഡ് എന്നിവരും മുംബൈ ടീം വിട്ട് ഗോവൻ ടീമിലേക്ക് മാറിയിരുന്നു. താരങ്ങൾ അന്താരാഷ്ട്ര മത്സരങ്ങളില്ലാത്ത സമയത്ത് ആഭ്യന്തര മത്സരങ്ങൾ കളിക്കണമെന്ന ബി.സി.സി.ഐ നിർദേശമനുസരിച്ച് ഈ വർഷം യശസ്വി മുംബയ്ക്കായി രഞ്ജി ട്രോഫിയിൽ കളത്തിലിറങ്ങിയിരുന്നു.

സൂര്യയും പിന്നാലെ ?

അതേസമയം മറ്റൊരു ഇന്ത്യൻ താരം സൂര്യകുമാർ യാദവും മുംബയ് ടീം വിടുമെന്ന് സൂചനയുണ്ട്. ഇക്കുറി രഞ്ജി ട്രോഫിയിൽ എലൈറ്റ് ഗ്രൂപ്പിലേക്ക് ഉയർത്തപ്പെട്ട ഗോവ മികച്ച താരങ്ങളെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ്. സൂര്യയുമായുള്ള ചർച്ച അന്തിമ ഘട്ടത്തിലാണെന്നാണ് ഗോവ അസോസിയേഷനിൽ നിന്ന് ലഭിക്കുന്ന സൂചനകൾ. ഹൈദരാബാദ് ക്യാപ്ടനായ തിലക് വർമ്മയെ ഗോവയിലെത്തിക്കാനും നീക്കമുണ്ട്.

കാരണം പടലപ്പിണക്കം ?

മുംബയ് ക്രിക്കറ്റ് ടീമിലെ ആഭ്യന്തര കലഹങ്ങളാണ് യശസ്വിയുടെ ഗോവയ്ക്ക് പോക്കിന് പിന്നിലെന്ന് റിപ്പോർട്ടുകളുണ്ട്.

2022ൽ മുംബയ് നായകനായിരുന്ന അജിങ്ക്യ രഹാനെ യശസ്വിയെ ഫീൽഡിൽ നിന്ന് തിരിച്ചയച്ചതിനെത്തുടർന്നാണ് അലോസരങ്ങൾ തുടങ്ങിയത്.

കഴിഞ്ഞ സീസണിൽ വിദർഭയ്ക്ക് എതിരായ സെമിഫൈനലിന് മുമ്പ് യശസ്വി പരിക്കാണെന്ന് പറഞ്ഞ് പിന്മാറിയിരുന്നു.

യശസ്വിക്ക് ക്യാപ്ടൻ സ്ഥാനം വേണമെന്ന ആഗ്രഹമുണ്ടെന്നും ഇത് ലഭിക്കാത്തതാണ് പിന്മാറ്റത്തിന് കാരണമെന്നും പറയുന്നുണ്ട്.