സെമി ത്രില്ലർ കടന്ന് റയൽ

Thursday 03 April 2025 12:19 AM IST

സോസിഡാഡിനെ രണ്ടാം പാദ സെമിയിൽ സമനിലയിൽ പിടിച്ച് റയൽ മാഡ്രിഡ്

മാഡ്രിഡ് : സോസിഡാഡിനെതിരായ രണ്ടാം പാദ സെമിഫൈനലിന്റെ നിശ്ചിത സമയത്ത് 3-4ന് പിന്നിലായിരുന്ന റയൽ മാഡ്രിഡ് എക്സ്ട്രാ ടൈമിൽ 4-4ന് സമനില പിടിച്ച് ഫൈനലിലേക്ക് കടന്നു. ആദ്യ പാദത്തിൽ 1-0ത്തിന് ജയിച്ചിരുന്ന റയൽ 5-4 എന്ന ആകെ ഗോൾ മാർജിനിലാണ് ഫൈനൽ ബർത്ത് കണ്ടെത്തിയത്.

റയലിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ 16-ാം മിനിട്ടിൽ ബാരൻടെക്സീയയിലൂടെ സോസിഡാഡാണ് ആദ്യം മുന്നിലെത്തിയത്. 30-ാം മിനിട്ടിൽ എൻഡ്രിക്കിലൂടെ റയൽ സമനില പിട‌ിച്ചു.എന്നാൽ 72-ാം മിനിട്ടിലെ ഡേവിഡ് അൽബയു‌ടെ സെൽഫ് ഗോളും 80-ാം മിനിട്ടിലെ ഒയർസബാലിന്റെ ഗോളും സോസിഡാഡിനെ 3-1ന് മുന്നിലെത്തിച്ചു.82-ാം മിനിട്ടിൽ ജൂഡ് ബെല്ലിംഗ്ഹാമും 86-ാം മിനിട്ടിൽ ഷോമേനിയും ചേർന്ന് 3-3ന് സമനിലയിലാക്കിയെങ്കിലും ഇൻജുറി ടൈമിന്റെ മൂന്നാം മിനിട്ടിൽ ഒയർസബാൽ വീണ്ടും സ്കോർ ചെയ്തതോടെ കളി അധികസമയത്തേക്ക് നീണ്ടു.115-ാം മിനിട്ടിൽ അന്റോണിയോ റൂഡിഗറാണ് റയലിന് ഫൈനലിലേക്ക് വാതിൽ തുറന്ന സമനില ഗോൾ നേടിയത്.