കോൺഗ്രസ് ക്യാമ്പയിനുകളിൽ വീഴ്ച: 8 മണ്ഡലം പ്രസിഡന്റുമാരെ നിമിഷനേരത്തിൽ നീക്കി
കൊല്ലം: മഹാത്മാഗാന്ധി കുടുംബ സംഗമം, ലീഡർ ഫണ്ട് അടക്കമുള്ള പരിപാടികളിൽ വീഴ്ച വരുത്തിയ എട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരെ സ്ഥാനത്ത് നിന്ന് നീക്കി. ഈ മണ്ഡലം കമ്മിറ്റികളിലെ പഞ്ചായത്തുകളുടെ ചുമതലക്കാരായ ഡി.സി.സി ഭാരവാഹികളെയും മാറ്റി. ഈ മണ്ഡലം കമ്മിറ്റികൾ ഉൾപ്പെടുന്ന ബ്ലോക്കുകളുടെ പ്രസിഡന്റുമാർക്കും ചുമതലക്കാരായ ഡി.സി.സി ഭാരവാഹികൾക്കും കെ.പി.സി.സി സെക്രട്ടറി പഴകുളം മധു കാരണം കാണിക്കൽ നോട്ടീസ് നൽകി.
സംഘടനാ ചുമതലയുള്ള കെ.പി.സി.സി സെക്രട്ടറി എം.ലിജു പങ്കെടുത്ത് ഇന്നലെ ചേർന്ന ജില്ലാ നേതൃയോഗത്തിലാണ് ജില്ലയിലെ കോൺഗ്രസിൽ കർശന നടപടികളുണ്ടായത്. നേതൃയോഗത്തിൽ ഹാജരും കുറവായിരുന്നു. മണ്ഡലം പ്രസിഡന്റുമാരിലും ഡി.സി.സി ഭാരവാഹികളിലും കുറച്ചധികം പേർ യോഗത്തിന് എത്തിയിരുന്നില്ല. ഇതിനിടെ ക്യാമ്പയിനുകളുടെ നടത്തിപ്പിലും മണ്ഡലം കമ്മിറ്റികളുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന വിലയിരുത്തൽ വന്നതോടെയാണ് നടപടിയിലേക്ക് നീങ്ങിയത്. എം.ലിജു യോഗത്തിൽ വച്ച് തന്നെ കെ.പി.സി.സി പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവിനെയും ഫോണിൽ ബന്ധപ്പെട്ട് നടപടിക്കുള്ള അനുമതി വാങ്ങി. ഇന്നലത്തെ യോഗത്തിൽ പങ്കെടുക്കാത്ത ഡി.സി.സി ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡന്റുമാർ മണ്ഡലം പ്രസിഡന്റുമാർ എന്നിവരോടും വിശദീകരണം ആവശ്യപ്പെടും. മണ്ഡലം പ്രസിഡന്റുമാർ ഉൾപ്പടെ പ്രവർത്തനത്തിൽ വീഴ്ച വരുത്തുന്നവർക്കെതിരെ നടപടിക്ക് യോഗം ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദിന് അധികാരം നൽകി. പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിൽ ഫലപ്രദമായി നടത്താത്ത ഡി.സി.സി ഭാരവാഹികളുടെയും ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാരെയും നിരീക്ഷിച്ച് നടപടി ശുപാർശ ചെയ്യാൻ കെ.പി.സി.സി നേതാക്കളെ യോഗം ചുമതലപ്പെടുത്തി. കടൽ കടലിന്റെ മക്കൾക്ക് എന്ന മുദ്രാവാക്യം ഉയർത്തി പ്രതിപക്ഷ നേതാവ് നയിക്കുന്ന യാത്രയും കടൽ സമരവുമായി ബന്ധപ്പെട്ട് മേയിൽ കൊല്ലത്ത് രാഹുൽഗാന്ധി പങ്കെടുക്കുന്ന സമ്മേളനവും വിജയിപ്പിക്കാൻ തീരുമാനിച്ചു.
പി. രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷനായി. എം.ലിജു ഉദ്ഘാടനം ചെയ്തു. നേതാക്കളായ ബിന്ദുകൃഷ്ണ, പഴകുളം മധു, എം.എം.നസീർ, കെ.സി.രാജൻ, എ.ഷാനവാസ്ഖാൻ, ജി.ലീലാകൃഷ്ണൻ, തൊടിയൂർ രാമചന്ദ്രൻ, ആർ.രാജശേഖരൻ, സൈമൺ അലക്‌സ്, സൂരജ് രവി, എൽ.കെ.ശ്രീദേവി, ബിന്ദുജയൻ, നടുക്കുന്നിൽ വിജയൻ, എസ്. വിപിനചന്ദ്രൻ, എൻ. ഉണ്ണികൃഷ്ണൻ, ചക്കിനാൽ സനൽകുമാർ, ആന്റണിജോസ് തുടങ്ങിയവർ സംസാരിച്ചു.
നടപടി വീണ്ടും കടുപ്പിക്കും
മാസം തോറും ജില്ലാ നേതൃയോഗം
ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയെത്തും
ക്യാമ്പയിനുകളുടെ റിപ്പോർട്ട് വിലയിരുത്തും
ബ്ലോക്ക്, മണ്ഡലം നേതൃയോഗങ്ങളും മാസം തോറും കെ.പി.സി.സി ഭാരവാഹികൾക്ക് ചുമതല വീഴ്ച വരുത്തുന്നവർക്കെതിരെ നടപടി തുടരും