നീണ്ടകര മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട്: അന്തർദേശീയ മാരിടൈം ഹബ്ബാക്കാൻ ഏഴ് കമ്പനികൾ രംഗത്ത്

Thursday 03 April 2025 12:59 AM IST

കൊല്ലം: നീണ്ടകര മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് അന്തർദേശീയ മാരിടൈം ഹബ്ബാക്കാൻ ഏഴ് സ്വകാര്യ കമ്പനികൾ രംഗത്ത്. ആഗോളതലത്തിലും രാജ്യത്തും ഷിപ്പിംഗ് മേഖലയിലുമുള്ള തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്താൻ കഴിയുന്ന മാരിടൈം വിദ്യാഭ്യാസ കേന്ദ്രം ആക്കാനുള്ള പദ്ധതികളാണ് കമ്പനികൾ മുന്നോട്ടുവച്ചിരിക്കുന്നത്.

താല്പര്യപത്രം സമർപ്പിച്ചിട്ടുള്ള ഏഴ് കമ്പനികളോടും കേരള മാരിടൈം ബോർഡ് വിശദമായ പദ്ധതിരേഖ ആവശ്യപ്പെട്ടിട്ടുണ്ട്. ഈമാസം അവസാനത്തോടെ പദ്ധതിരേഖകളുടെ സാങ്കേതിക, സാമ്പത്തിക പരിശോധനകൾ പൂർത്തിയാക്കും. അതിനുശേഷം 45 ദിവസത്തിനുള്ളിൽ ഏറ്റവും മികച്ച പദ്ധതിരേഖകളിൽ കൂടുതൽ വരുമാനം വാഗ്ദാനം ചെയ്യുന്ന കമ്പനിയുമായി കരാറൊപ്പിട്ട് സ്ഥലം കൈമാറും.

ഇൻസ്റ്റിറ്റ്യൂട്ടിന്റെ അവശേഷിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പദ്ധതി ഏറ്റെടുക്കുന്ന കമ്പനി പൂർത്തിയാക്കണം. അതുകൊണ്ട് തന്നെ തിരഞ്ഞെടുക്കപ്പെടുന്ന സംരംഭകർക്ക് 50 വർഷത്തേക്ക് വരെ സ്ഥലം വിട്ടുനൽകും. അഷ്ടമുടി കായലും കടലും ചേരുന്ന ഭാഗത്ത് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ടൂറിസം സാദ്ധ്യതയും പ്രയോജനപ്പെടുത്താം.

കാത്തിരിക്കുന്നത് മികച്ച സൗകര്യം

 അക്കാഡമിക് ബിൽഡിംഗ്

 അഡ്മിനിസ്ട്രേഷൻ ബിൽഡിംഗ്

 ഹോസ്റ്റൽ

 ക്യാന്റീൻ ബ്ലോക്ക്

 ലൈബ്രറി ഹാൾ

ഭൂമി-14.9 ഏക്കർ

വരുമാനവും ലഭിക്കും

നിലവിൽ ഉപയോഗശൂന്യമായി കിടക്കുന്ന സ്ഥലത്ത് നിന്ന് കേരള മാരിടൈം ബോർഡിന് കാര്യമായ വരുമാനം ലഭിക്കും. മാരിടൈം എഡ്യുക്കേഷൻ ഹബ്ബാകുന്നതോടെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ പഠിക്കാനെത്തും. വിഴിഞ്ഞം അന്തർദേശീയ തുറമുഖത്തിന്റെ വികസനം സൃഷ്ടിക്കുന്ന തൊഴിൽ അവസരങ്ങൾ പ്രയോജനപ്പെടുത്താം.

ലക്ഷ്യമിടുന്ന കോഴ്സുകൾ

 മറൈൻ എൻജിനിയറിംഗ്

 മാരിടൈം ലാ

 മറൈൻ ടെക്നോളജി  നോട്ടിക്കൽ എൻജിനിയറിംഗ്  നേവൽ ആർക്കിടെക്ചർ

 മാരിടൈം സെക്യൂരിറ്റി  ഓഫ് ഷോർ എൻജിനിയറിംഗ്

 പോർട്ട് എൻജിനിയറിംഗ്

നിലവിൽ താല്പര്യപത്രം സമർപ്പിച്ചിട്ടുള്ള കമ്പനികളുടെ വിശദരൂപരേഖയുടെ സാങ്കേതിക, സാമ്പത്തിക പരിശോധനകൾ പൂർത്തിയാക്കി രണ്ടര മാസത്തിനുള്ളിൽ നീണ്ടകര മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് മാരിടൈം ഹബ്ബാക്കാനുള്ള കരാറൊപ്പിടും.

എൻ.എസ്.പിള്ള, ചെയർമാൻ

കേരള മാരിടൈം ബോർ‌ഡ്