സാമ്പത്തിക ആരോപണം; സിനിമാ നിർമ്മാതാവായ പ്രതിനിധിയെ തിരിച്ചയച്ചു

Thursday 03 April 2025 3:50 AM IST

മധുര: പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനെത്തിയ സിനിമാ നിർമ്മാതാവായ പ്രതിനിധിയെ സാമ്പത്തിക ആരോപണത്തെ തുടർന്ന് തിരിച്ചയച്ചു. സി.പി.എമ്മുമായി ബന്ധപ്പെട്ട് ലണ്ടനിൽ പ്രവർത്തിക്കുന്ന സംഘടനയുടെ മുൻ ഭാരവാഹി കൂടിയായ രാജേഷ് കൃഷ്ണയെയാണ് തിരിച്ചയച്ചത്. വിദേശ പ്രതിനിധി എന്ന നിലയ്ക്കാണ് ഇയാൾ കഴിഞ്ഞ ദിവസം മധുരയിലെത്തിയത്.

പി.വി.അൻവറുമായുള്ള ബന്ധവും മറ്റു ചില സാമ്പത്തിക ഇടപാടുകളുമാണ് തിരിച്ചടിയായത്. എസ്.എഫ്.ഐ പത്തനംതിട്ട മുൻ ഏരിയാ സെക്രട്ടറിയായിരുന്നു. ഇയാളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പാർട്ടിക്ക് ചില പരാതികൾ കിട്ടിയിരുന്നു. മമ്മൂട്ടി നായകനായ 'പുഴു" എന്ന ചിത്രത്തിന്റെ നിർമ്മാണത്തിൽ രാജേഷ് പങ്കാളിയായിരുന്നു. ചിത്രത്തിന്റെ സംവിധായകയുടെ മുൻ ഭർത്താവാണ് രാജേഷിനെതിരെ സാമ്പത്തിക പരാതി ഉന്നയിച്ചിരുന്നത്.