ഇരുണ്ട ശക്തികൾക്കെതിരെ മതനിരപേക്ഷ വിശാലഐക്യം വേണം: പ്രകാശ് കാരാട്ട്

Thursday 03 April 2025 3:51 AM IST

മധുര: ബി.ജെ.പി-ആർ.എസ്.എസ് ഹിന്ദുത്വ ശക്തികളെ പ്രതിരോധിക്കാൻ മതനിരപേക്ഷ, ജനാധിപത്യ ശക്തികളുടെ വിശാല ഐക്യത്തിനായി ആഹ്വാനം ചെയ്‌ത് സി.പി.എം പൊളിറ്റ് ബ്യൂറോ കോർഡിനേറ്റർ പ്രകാശ് കാരാട്ട്. മധുര തമുക്കം മൈതാനത്തെ (സീതാറാം യെച്ചൂരി നഗർ ) വേദിയിൽ സി.പി.എം 24-ാം പാർട്ടി കോൺഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിയുടെ ഭാവി പ്രവർത്തനങ്ങൾക്ക് ഗതി പകരാനുള്ള രാഷ്‌ട്രീയ അടവുനയം രൂപീകരിക്കലാണ് 24-ാം പാർട്ടി കോൺഗ്രസിന്റെ പ്രധാന ദൗത്യമെന്നും കാരാട്ട് പറഞ്ഞു.

ഇരുണ്ട ശക്തികൾക്കെതിരെ ഇടതുപക്ഷ, ജനാധിപത്യ, മതനിരപേക്ഷ ശക്തികൾ ഐക്യത്തോടെ നീങ്ങണം. മതേതര, ജനാധിപത്യ, പുരോഗമന ആശയങ്ങളിൽ അധിസ്ഥിതമായ പുതിയ ഇന്ത്യ കെട്ടിപ്പടുക്കാൻ ഒന്നിച്ചു നിൽക്കണം. കേന്ദ്ര സർക്കാരിന്റെയും ബി.ജെ.പിയുടെയും രാഷ്‌ട്രീയ സാമൂഹിക സന്തുലിതാവസ്ഥ മുന്നിൽ കണ്ടുവേണം സി.പി.എം നിലപാടുകൾ സ്വീകരിക്കാൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി സർക്കാരും അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ഉറ്റ ചങ്ങാതിയാണ്.മാത്രമല്ല, ഗൗതം അദാനി, മുകേഷ് അംബാനി കോർപറേറ്റ് കൂട്ടുകെട്ടിന്റെ പ്രതിനിധികളും ആർ.എസ്.എസിനോട് പരിപൂർണമായി കൂറുള്ളവരുമാണ്. അവരെ എങ്ങനെ പൊരുതി തോൽപ്പിക്കണമെന്നും ഇടത് വളർച്ച എങ്ങനെ സാദ്ധ്യമാക്കാമെന്നതും പ്രസക്തമായ ചോദ്യമാണ്.

ഹിന്ദുത്വ ശക്തികൾ തിരഞ്ഞെടുപ്പിന് പുറമെ പ്രത്യയശാസ്‌ത്ര, സാംസ്‌കാരിക, സമൂഹിക തലങ്ങളിലും സ്വാധീനം ചെലുത്തി രാഷ്‌ട്രീയ ആധിപത്യം സ്ഥാപിക്കുന്നു. ജനാധിപത്യ, ഭരണഘടന മൂല്യങ്ങളെ ആക്രമിക്കുകയും ചെയ്യുന്നു.

ഹിന്ദുത്വ നവഫാസിസത്തിന്

എതിരെ ആശയസമരം

# നവ ഉദാര നയങ്ങൾക്കെതിരെ സുസ്ഥിര പോരാട്ടം നടത്തുന്നതും ഹിന്ദുത്വ നവ ഫാസിസത്തെ ചെറുക്കാൻ ആശയപരമായ സമരം നടത്തുന്നതും ഇടതുപക്ഷമാണ്. ഈ സാഹചര്യത്തിൽ ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തുകയും ഇടതുപക്ഷ രാഷ്ട്രീയ ഇടപെടൽ വിപുലീകരിക്കുകയും ചെയ്യണം.

#മൂന്നാം തവണയും അധികാരത്തിൽ വന്ന മോദി സർക്കാർ ആർ.എസ്. എസിന്റെ ഹിന്ദുത്വ അജണ്ട മുന്നോട്ടു കൊണ്ടുപോവുകയും അമിതാധികാരം പ്രയോഗിക്കുകയും നവ ഫാസിസ്റ്റ് സ്വാഭാവം പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഹിന്ദുത്വ സംഘടനകൾ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സാമുദായിക വിടവുണ്ടാക്കാനുള്ള ലക്ഷ്യവുമായി മുസ്ലിങ്ങൾ അടക്കമുള്ള ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുന്നു.

# പ്രാദേശിക, വർഗ, ജനകീയ പ്രശ്‌നങ്ങൾ ഏറ്റെടുത്ത് താഴെത്തട്ടിൽ സി.പി.എമ്മിന് സംഘടനാ പരമായ ശക്തിയുണ്ടാക്കണം. കേരളത്തിൽ കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ എൽ.ഡി.എഫ് സർക്കാർ എതിർക്കുന്നത് ഫെഡറിലിസം സംരക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും പ്രകാശ് കാരാട്ട് ചൂണ്ടിക്കാട്ടി.