സി.പി.എം 24-ാം പാർട്ടി കോൺഗ്രസിന് തുടക്കം
മധുര: ഹിന്ദുത്വ, വർഗീയ ശക്തികൾക്കെതിരെ മതേതര, ജനാധിപത്യ, ഇടത് പാർട്ടികളുടെ കൂട്ടായ്‌മയ്‌ക്ക് ആഹ്വാനം ചെയ്‌ത് അഞ്ചു ദിവസത്തെ സി.പി.എം 24-ാം പാർട്ടി കോൺഗ്രസിന് മധുരയിൽ കൊടിയേറി. കരട് രാഷ്‌ട്രീയ പ്രമേയത്തിൻമേൽ ഇന്ന് ചർച്ച തുടങ്ങും.
മധുര തമുക്കം മൈതാനത്ത് (സീതാറാം യെച്ചൂരി നഗർ ) മുതിർന്ന നേതാവ് ബിമൻ ബസു പതാക ഉയർത്തി. കീഴ്‌വെൺമണി രക്തസാക്ഷികളുടെ സ്മൃതികുടീരത്തിൽ നിന്ന് കേന്ദ്രകമ്മിറ്റി അംഗം യു. വാസുകിയുടെ നേതൃത്വത്തിൽ കൊണ്ടുവരുന്ന പതാക കൺട്രോൾ കമ്മിഷൻ ചെയർമാൻ എ.കെ. പത്മനാഭൻ ഏറ്റുവാങ്ങി. അഞ്ച് രക്ഷസാക്ഷി സ്‌മൃതി മണ്ഡപങ്ങളിൽ നിന്നെത്തിയ ദീപശിഖാറാലികൾ ഇന്നലെ രാവിലെ സമ്മേളനവേദിയിൽ സംഗമിച്ച് ദീപശിഖ ജ്വലിപ്പിച്ചു.
രാവിലെ 10.30ന് കോടിയേരി ബാലകൃഷ്ണൻ സ്‌മാരക ഹാളിൽ പൊളിറ്റ് ബ്യൂറോ അംഗവും കോ-ഓർഡിനേറ്ററുമായ പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹിന്ദുത്വ ശക്തികളെ നേരിടാനുള്ള പോരാട്ടത്തിൽ എല്ലാ മതനിരപേക്ഷ ജനാധിപത്യ ശക്തികളെയും ഒന്നിപ്പിക്കാൻ സി.പി.എം ബാദ്ധ്യസ്ഥമാണെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു.
ത്രിപുര മുൻ മുഖ്യമന്ത്രി മണിക് സർക്കാർ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ, സി.പി.ഐ(എം.എൽ) ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, ആർ.എസ്.പി ജനറൽ സെക്രട്ടറി മനോജ് ഭട്ടാചാര്യ, ഫോർവോർഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജി. ദേവരാജൻ എന്നിവർ സംസാരിച്ചു.
23-ാം പാർട്ടി കോൺഗ്രസിന് ശേഷം വിടവാങ്ങിയ നേതാക്കളായ സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്‌ണൻ, ബുദ്ധദേബ് ഭട്ടാചാര്യ, എൻ. ശങ്കരയ്യ എന്നിവർക്കും രക്തസാക്ഷികളായ 22 പ്രവർത്തകർക്കും ആദരാഞ്ജലി അർപ്പിച്ചു.
ഉച്ചയ്‌ക്കു ശേഷം പ്രതിനിധി സമ്മേളനത്തിൽ കരട് രാഷ്‌ട്രീയ പ്രമേയം, രാഷ്ട്രീയ അവലോകന റിപ്പോർട്ട്, ഭേദഗതികൾ, രണ്ട് പ്രമേയങ്ങൾ എന്നിവ അവതരിപ്പിച്ചു. 80 നിരീക്ഷകരടക്കം എണ്ണൂറിലധികം പ്രതിനിധികൾ ഇന്ന് രാവിലെ മുതൽ കരട് രാഷ്‌ട്രീയ പ്രമേയം ചർച്ച ചെയ്യും.