തൊഴിലാളികളെയും യുവാക്കളെയും ഒന്നിപ്പിക്കണം: മണിക് സർക്കാർ

Thursday 03 April 2025 3:53 AM IST

മധുര: ദശലക്ഷക്കണക്കിന് തൊഴിലാളികളെയും യുവാക്കളെയും ഒന്നിപ്പിച്ചുള്ള രാഷ്‌ട്രീയ ലൈനിലൂടെ മാത്രമെ സംഘടനാ തലത്തിൽ പാർട്ടിയെ ശക്തിപ്പെടുത്താനാകൂവെന്ന് മുൻ ത്രിപുര മുഖ്യമന്ത്രിയും പി.ബി അംഗവുമായ മണിക് സർക്കാർ. മധുര പാർട്ടി കോൺഗ്രസിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

തൊഴിലിടങ്ങളിലും താമസ സ്ഥലങ്ങളിലും പാർട്ടിക്ക് അടിത്തറയുണ്ടാകണം. ജനങ്ങളെ കൂട്ടിയിണക്കാനും തൊഴിലാളികൾക്കായി പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാനും കഴിയണം. രാഷ്‌ട്രീയ, പ്രത്യയശാസ്‌ത്ര, സംഘടനാ പ്രവർത്തനങ്ങൾ വികസിപ്പിച്ച് സ്വതന്ത്ര ശക്തി വർദ്ധിപ്പിക്കാനുള്ള വഴികളാണ് പാർട്ടി കോൺഗ്രസ് തേടുന്നത്. ഹിന്ദുത്വ, വർഗീയ ശക്തികൾക്കെതിരായ ബഹുമുഖ പോരാട്ടത്തിന് മുൻഗണന നൽകണം. ഇത്തരം ശക്തികളെ ചെറുത്ത് തോൽപ്പിച്ച് ഇടത്, ജനാധിപത്യ ബദലുണ്ടാക്കാനുള്ള ശ്രമങ്ങൾ 24-ാം പാർട്ടി കോൺഗ്രസിന്റെ മുഖമുദ്ര‌യാകും. ബി.ജെ.പി- ആർ.എസ്.എസ് ശക്തികളെ ഒറ്റപ്പെടുത്താനും ചെറുത്ത് തോൽപ്പിക്കാനും എല്ലാ മതേതര ജനാധിപത്യ ശക്തികളെയും ഒന്നിപ്പിക്കണം. തൊഴിലാളി വർഗ, കർഷക, നഗര- ഗ്രാമ ദരിദ്രർ, ദളിത്, വനിതാ, ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിലെ പാർട്ടിയുടെ സമര പോരാട്ടങ്ങൾ വിപുലീകരിക്കുന്നതും ചർച്ച ചെയ്യുമെന്ന് മണിക് സർക്കാർ പറഞ്ഞു.