കൊച്ചി മാതൃക മറ്റൊരു ജില്ലയിലേക്കും; വിദേശികൾ ഇങ്ങോട്ടേക്കൊഴുകും

Thursday 03 April 2025 11:28 AM IST

കൊല്ലം: കൊച്ചി മുസിരിസ് ബിനാലെയുടെ മിനി പതിപ്പിന് കൊല്ലം വേദിയാകാൻ സാദ്ധ്യത. ഡിസംബർ 12 മുതൽ കൊച്ചിയിൽ നടക്കുന്ന ബിനാലെയുടെ പ്രചാരണ പരിപാടികൾ കൊല്ലം ശ്രീനാരായണഗുരു കൾച്ചറൽ കോംപ്ലക്സ് കേന്ദ്രമാക്കി സംഘടിപ്പിക്കാൻ ആലോചന തുടങ്ങി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ചിത്രകാരന്മാരുടെയും ശില്പികളുടെയും പെയിന്റിംഗുകളുടെയും ഇൻസ്റ്റലേഷനുകളുടെയും പ്രദർശനം, ലോകത്തെ സമകാലിക കലയെക്കുറിച്ചും കൊല്ലത്തിന്റെ കലാപാരമ്പര്യം എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ, വിവിധ കലാരൂപങ്ങളുടെ പ്രകടനം എന്നിവയാണ് കൊല്ലത്ത് ലക്ഷ്യമിടുന്നത്.

ബിനാലെക്ക് കൊച്ചിയിലെത്തുന്ന വിദേശകലാകാരന്മാരെയും അവരുടെ സൃഷ്ടികളും കൊല്ലത്തേക്ക് കൊണ്ടുവരാനും ആലോചനയുണ്ട്. ബിനാലെയുടെ മിനി പതിപ്പ് അരങ്ങേറിയാൽ കൊല്ലം നഗരത്തിൽ മനോഹരമായ സ്ഥിരം ഇൻസ്റ്റലേഷനുകളും ശില്പങ്ങളും നിർമ്മിക്കും. കൊച്ചി ബിനാലെ കാണാനെത്തുന്ന അഭ്യന്തര സഞ്ചാരികളെ കൊല്ലത്തേക്ക് ആകർഷിക്കുകയെന്ന ലക്ഷ്യവും ആലോചനയ്ക്ക് പിന്നിലുണ്ട്.

പ്രശസ്ത ആർട്ടിസ്റ്റ് ആകാശ് ചോപ്രയും കലാകാരന്മാരുടെ കൂട്ടായ്മയായ എച്ച്.എച്ച് സ്പേസസുമാണ് ബിനാലെ ആറാംപതിപ്പിന്റെ ക്യൂറേറ്റർ. കൊല്ലത്ത് മിനി പതിപ്പ് സംഘടിപ്പിക്കാൻ സർക്കാരിന്റെ സഹായവും തേടുന്നുണ്ട്.

ബിനാലെയ്ക്ക് മുന്നോടിയായുള്ള പ്രഭാഷണങ്ങളും വർക്ക്ഷോപ്പുകളും കൊല്ലത്ത് കൂടി സംഘടിപ്പിക്കാൻ ആലോചന നടക്കുന്നുണ്ട്.

ബോസ് കൃഷ്ണമാചാരി, പ്രസിഡന്റ്,

കൊച്ചി ബിനാലെ ഫൗണ്ടേഷൻ