വടുതല ബണ്ട്: പഠിക്കാതെ മണ്ണ് മോശമെന്ന് എൻ.എച്ച്.എ.ഐ, കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു

Friday 04 April 2025 12:48 AM IST

കൊച്ചി: കൊച്ചി തുറമുഖത്തേക്കുള്ള ചരക്കു നീക്കം സുഗമമാക്കുന്നതിന് നിർമ്മിച്ച റെയിൽവേ മേൽപാലത്തിനു താഴെ താത്കാലികമായി തീർത്ത വടുതല ബണ്ടിലെ മണ്ണ് ഹൈവേ നിർമ്മാണത്തിന് ഉപയോഗിക്കാനാകില്ലെന്ന് എൻ.എച്ച്.എ.ഐ കോടതിയെ അറിയിച്ചത് വേണ്ടത്ര പഠനം നടത്താതെയെന്ന് ആരോപണം. കേരിയുടെ റിപ്പോർട്ട് മാത്രം അടിസ്ഥാനമാക്കിയാണ് എൻ.എച്ച്.എ.ഐ കോടതിയിൽ മണ്ണ് ഉപയോഗിക്കാനാകില്ലെന്ന് അറിയിച്ചത്. വിഷയത്തിൽ കൂടുതൽ ശാസ്ത്രീയ പഠനങ്ങൾ നടന്നിട്ടില്ല.

ബണ്ടിലെ എക്കലും ചെളിയും ദേശീയപാത 66-ന്റെ നിർമ്മാണത്തിന് ഉപയോഗിക്കാൻ എൻ.എച്ച്.എ.ഐ ആലോചിച്ചിരുന്നുവെന്ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇവിടെയും കൊടുങ്ങല്ലൂർ റീച്ചിൽ മണ്ണ് ഉപയോഗയോഗ്യമല്ലെന്ന് വളരെ വേഗത്തിൽ എൻ.എച്ച്.എ.ഐ കോടതിയെ അറിയിച്ചു. എൻ.എച്ച്.എ.ഐ നൽകിയ വിവരാവകാശ രേഖയിൽ, കേരിയുടെ റിപ്പോർട്ട് അനുസരിച്ചാണ് മണ്ണ് ഉപയോഗിക്കാനാകില്ലെന്ന് രേഖപ്പെടുത്തിയതെന്ന് പറയുന്നു.

മണ്ണിൽ 30.82 ശതമാനം മണലും 68.95 ശതമാനം എക്കലും കളിമണ്ണും 0.23 ശതമാനം ചരലും അടങ്ങിയിട്ടുണ്ടെന്നാണ് കേരിയുടെ റിപ്പോർട്ട്.

മണ്ണ് വേർതിരിക്കാനുള്ള പദ്ധതി ചർച്ച ചെയ്തില്ല

ബണ്ടിലെ മണ്ണും ചെളിയും വേർതിരിക്കാനുള്ള സാങ്കേതികവിദ്യ എൻ.എച്ച്.എ.ഐയ്ക്ക് ഇല്ല. എന്നാൽ ഇതിനായി ഒരു സ്വകാര്യ വ്യക്തി ജില്ലാ ഭരണകൂടത്തിന് സമർപ്പിച്ച പദ്ധതി ഇതുവരെ ചർച്ച ചെയ്യാൻ പോലും തയ്യാറായിട്ടില്ല. വല്ലാർപാടം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാസ്റ്റർമൈൻഡ് ബിൽടെക് സൊല്യൂഷൻസ് ആൻഡ് ഡെവലപ്പേഴ്‌സ് എന്ന സ്ഥാപനത്തിന്റെ സി.എം.ഡി രതീഷ് വേണുഗോപാൽ കോടികളുടെ പ്ലാന്റ് ഉൾപ്പെടെയുള്ള പദ്ധതി സമർപ്പിച്ചിട്ട് ഒരു മാസമായിട്ടും നടപടിയില്ല. ഇത് ജില്ലാ ഭരണകൂടത്തിന്റെ അനാസ്ഥയാണെന്ന് ആരോപണമുണ്ട്.

10കോടി ഉപയോഗിക്കാമോ എന്ന് പരിശോധന

ദുരന്ത നിവാരണ അതോറിട്ടിക്ക് അടിയന്തര പ്രവർത്തനങ്ങൾക്കായി അനുവദിച്ചിട്ടുള്ള 10 കോടി രൂപ ഉപയോഗിച്ച് ബണ്ടിന്റെ രണ്ട് സ്പാനിലെ തടസങ്ങൾ നീക്കുന്നതിനെക്കുറിച്ച് ഉടൻ ചർച്ച ചെയ്യുമെന്നും ഇതിൽ വേഗത്തിൽ തീരുമാനമെടുക്കുമെന്നും ദുരന്ത നിവാരണ വിഭാഗം അധികൃതർ അറിയിച്ചു.