സ്വർഗക്കനി വിളയുന്നിടം

Friday 04 April 2025 12:16 AM IST

കുമ്പളങ്ങി: സ്വർഗത്തിലെ കനി വിളഞ്ഞു പഴുത്തു നിൽക്കുന്നത് കാണണമെങ്കിൽ കുമ്പളങ്ങി പഞ്ചായത്തിൽ ഇല്ലിക്കൽ സ്വരാജ് ലിങ്ക് റോഡിലുള്ള ജേക്കബിന്റെ വീട്ടിലെത്തണം. ഇവിടെ വളർച്ചയിൽ നിറം മാറുന്ന ‘ഗാഗ്’ ഫ്രൂട്ടുകൾ നൂറുകണക്കിന് വിളഞ്ഞു നിൽക്കുകയാണ്. ജേക്കബ് വീട്ടുമുറ്റത്തൊരുക്കിയ പന്തലിൽ വിവിധ വർണങ്ങളിലുള്ള ഗാഗ് ഫ്രൂട്ട് വിളഞ്ഞുനിൽക്കുന്നു.

ജേക്കബിന്റെ സഹോദരൻ നൽകിയ വിത്ത് നട്ടാണ് ചെടി മുളപ്പിച്ചെടുത്തത്. വള്ളിപ്പടർപ്പുപോലെ പടർന്നുപോകുന്നവയാണ് ഗാഗ് ചെടി. ചെടി വളർന്ന് വർഷം മൂന്നായിട്ടും കായ പിടിച്ചില്ല. ആൺ, പെൺ എന്നിങ്ങനെ രണ്ടിനങ്ങളിലാണ് ഗാഗ്ഫ്രൂട്ട് ചെടിയുള്ളതെന്ന് മനസിലാക്കിയ ജേക്കബ് ചെടിയിൽ പരാഗണം നടക്കുന്നതിനായി സഹോദരന്റെ വീട്ടിലുണ്ടായിരുന്ന ആൺ ചെടി വീട്ടിൽ കൊണ്ടുവന്ന് നട്ടു. ഇതിനെ തുടർന്നാണ് ചെടിയിൽ കായപിടിച്ചു തുടങ്ങിയത്. ചാണകമല്ലാതെ കാര്യമായ മറ്റു വളമൊന്നും വേണ്ടെന്ന് ജേക്കബ് പറയുന്നു. ആവശ്യത്തിന് സൂര്യപ്രകാശവും രണ്ട് നേരം നനക്കാറുമുണ്ടെന്ന് ഭാര്യ ക്രിസ്റ്റീന പറഞ്ഞു.

കടൽകടന്നെത്തിയ മധുരം

തെക്കുകിഴക്കൻ ഏഷ്യയിലും വിയറ്റ്നാമിലുമാണ് ഗാഗ് ഫ്രൂട്ട് സാധാരണയായി വിളയുന്നത്. കാഴ്ചയിൽ മുള്ളൻചക്ക പോലെ ഇരിക്കുമെങ്കിലും ആന്റി ഓക്സൈഡുകളുടെയും വിറ്റാമിനുകളുടെയും കലവറയാണ് ഗാഗ് ഫ്രൂട്ട്. കട്ടിയുള്ള തണ്ടിലാണ് കായ പിടിക്കുന്നത് അതിനാൽ പറിച്ചെടുക്കുവാൻ ബുദ്ധിമുട്ടുണ്ട്.

മാറി മറയുന്ന നിറ വിസ്മയം

ചെടിയിൽ ഉണ്ടാകുന്ന കായകൾക്ക് ആദ്യം പച്ചനിറമായിരിക്കും. വളർച്ചയുടെ രണ്ടാം ഘട്ടത്തിലെത്തുമ്പോൾ മഞ്ഞയാകും. കുറച്ചുകൂടി പാകമാകുമ്പോഴേക്കും ഓറഞ്ച് നിറത്തിലെത്തും. വിളവെടുപ്പിന് പാകമാകുന്നതോടെ ചുവപ്പ് നിറമാകും.

ജ്യൂസിനായി ഉപയോഗിക്കുന്ന ഗാഗ് ഫ്രൂട്ടിന് ചവർപ്പ് കലർന്ന മധുരമാണ്.

 ഒരു ചെടിയിൽ നിന്നും വർഷങ്ങളോളം കായ്ഫലം ലഭിക്കും.

 കിലോയ്ക്ക് 1000 മുതൽ 1500 രൂപ വരെയാണ് വിപണി വില.