മെട്രോ രണ്ടാം ഘട്ടം; റോഡിന് പലയിടത്തും വീതിക്കുറവ്
കൊച്ചി: മെട്രോ രണ്ടാം ഘട്ടത്തിൽ പാലാരിവട്ടം മുതൽ ഇൻഫോപാർക്ക് വരെയുള്ള റീച്ചിൽ റോഡിന് പല വീതി. നിർമ്മാണത്തിനായി 22 മുതൽ 26 മീറ്റർ വരെ വീതിയിലാണ് സ്ഥലം ഏറ്റെടുത്തത്. ഇരുവശത്തും കാന നിർമ്മാണത്തിനായി നീക്കിവെച്ച 2 മീറ്റർ ഒഴിവാക്കിയാൽ റോഡിന് 20 മുതൽ 24 മീറ്റർ വരെ വീതിയാണ് വേണ്ടത്. എന്നാൽ പാലാരിവട്ടം പി.ഒ.സി മുതൽ വാഴക്കാല വരെയുള്ള ഭാഗത്ത് റോഡ് കുപ്പിക്കഴുത്ത് ആകൃതിയിലാണ്. ആലിൻചുവട്, ചെമ്പുമുക്ക്, വാഴക്കാല എന്നിവിടങ്ങളിൽ റോഡിന്റെ വീതി 16 മുതൽ 18 മീറ്റർ വരെയാണ്.
വലിയ തോതിൽ വീതി കുറഞ്ഞത് വൻ ഗതാഗതക്കുരുക്കിന് കാരണമാകുമെന്നാണ് വിലയിരുത്തൽ. വീതി കുറഞ്ഞ ഇടങ്ങളിൽ വീണ്ടും പഠനം നടത്തി വീതി കൂട്ടണമെന്നാണ് വ്യാപാരികളുടെ ഉൾപ്പെടെ ആവശ്യം. രണ്ടാം ഘട്ടത്തിൽ ഇടറോഡുകളുടെ വീതിയും കൂട്ടിയിട്ടില്ല. വിവരാവകാശ പ്രവർത്തകനായ രാജു വാഴക്കാലയ്ക്ക് ലഭിച്ച മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്.
ക്രോഡീകരിച്ച കണക്കില്ല
രണ്ടാം ഘട്ടത്തിൽ 11 കിലോമീറ്ററിലധികം ദൂരത്തിൽ 21 സ്ഥല ഉടമകളിൽ നിന്നായി 232.22 സെന്റിലധികം സ്ഥലം ഏറ്റെടുത്തു. ഇതിനായി 11.6 കോടി രൂപ വിതരണം ചെയ്തു. എന്നാൽ ഓരോ സ്ഥലമുടമയ്ക്കും എത്ര രൂപ വീതം നൽകി എന്ന കണക്ക് ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ലെന്ന് അധികൃതർ പറയുന്നു. വാഴക്കാല, ഇടപ്പള്ളി വില്ലേജുകളിൽ നിന്നായി ഭൂമി ഏറ്റെടുത്ത എത്ര കച്ചവട സ്ഥാപനങ്ങൾക്ക് നഷ്ടപരിഹാരം നൽകി എന്ന വിവരവും ലഭ്യമല്ല. കെട്ടിട ഉടമകൾക്ക് നഷ്ടപരിഹാരം നൽകിയപ്പോൾ തന്നെ കെട്ടിടങ്ങളിലെ വ്യാപാരികൾക്കും നൽകി. ഇതിന്റെ കണക്കും ലഭ്യമല്ല.
സ്ഥലമേറ്റെടുപ്പ് വിജ്ഞാപനം
പാലാരിവട്ടം- ഇൻഫോപാർക്ക് രണ്ടാം ഘട്ടത്തിൽ സ്ഥലമെടുക്കുന്നതിനുള്ള 11 (1) വിജ്ഞാപനം 2018 ഫെബ്രുവരി 21-നാണ് പുറപ്പെടുവിച്ചത്. ഇതനുസരിച്ച് ഇടപ്പള്ളി സൗത്ത് വില്ലേജിൽ 42 ഭൂവുടമകളിൽ നിന്ന് ഏകദേശം 221 സെന്റും വാഴക്കാല വില്ലേജിൽ 152 ഭൂവുടമകളിൽ നിന്ന് ഏകദേശം 254 സെന്റും ഭൂമി ഏറ്റെടുക്കാൻ വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്.
മെട്രോ രണ്ടാം ഘട്ടം
നിർമ്മാണ ചെലവ് 1957.05 കോടി
274 കോടി---- കേന്ദ്രം
274 കോടി----സംസ്ഥാനം
1016 കോടി വായ്പ---- ഏഷ്യൻ ഇൻഫ്രാസ്ട്രക്ടചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക്