എറണാകുളം റെയിൽവേ സ്റ്റേഷനുകൾ സ്മാർട്ടാകും
കൊച്ചി: എറണാകുളം സൗത്ത്, നോർത്ത് റെയിൽവേ സ്റ്റേഷനുകളുടെ നവീകരണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്‌സഭയിൽ അറിയിച്ചു. സൗത്ത് സ്റ്റേഷനിൽ കിഴക്കേ ടെർമിനൽ, മൾട്ടി ലെവൽ കാർ പാർക്കിംഗ്, സർവീസ് ബിൽഡിംഗ് എന്നിവയുടെ നിർമ്മാണം ആരംഭിച്ചു. ഓഫീസ് ബിൽഡിംഗ്, ഡിപ്പോ, ഓഫീസ് എന്നിവയുടെ അവസാന ഘട്ട ജോലികൾ പുരോഗമിക്കുന്നു. പടിഞ്ഞാറേ ടെർമിനലിന്റെ പ്രാരംഭ നിർമ്മാണവും തുടങ്ങി.
നോർത്ത് സ്റ്റേഷനിൽ വെസ്റ്റ് ടെർമിനൽ, മൾട്ടി ലെവൽ കാർ പാർക്കിംഗ് എന്നിവയുടെ നിർമ്മാണം ആരംഭിച്ചു. കാൽനടക്കാർക്കുള്ള മേൽപ്പാലത്തിന്റെ പ്രാരംഭ ജോലികൾ പൂർത്തിയായി. സബ് സ്റ്റേഷൻ, താത്കാലിക മലിനജല ട്രീറ്റ്‌മെന്റ് പ്ലാന്റ്, ഒപ്റ്റിക്കൽ ഫൈബർ കേബിൾ റൂം എന്നിവ പൂർത്തിയായെന്നും ഹൈബി ഈഡൻ എം.പിക്ക് നൽകിയ മറുപടിയിൽ മന്ത്രി വ്യക്തമാക്കി.
മെട്രോയെ ബന്ധിപ്പിച്ച് സ്‌കൈവാക്ക്
സൗത്ത് സ്റ്റേഷനിൽ നിന്ന് സൗത്ത് മെട്രോ സ്റ്റേഷനിലേക്കും നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് നോർത്ത് റോഡ് ഓവർ ബ്രിഡ്ജിലേക്കും സ്കൈവാക്ക് നിർമ്മിക്കും. നോർത്ത് റോഡ് ഓവർ ബ്രിഡ്ജിൽ നിന്ന് ബസ് സ്റ്റോപ്പിലേക്കും ടൗൺ ഹാൾ മെട്രോ സ്റ്റേഷനിലേക്കും പ്രവേശന സൗകര്യമുണ്ടാകും.