ഉദ്യോഗസ്ഥർ കൂട്ടത്തോടെ അവധിയിൽ: മുതലമട പഞ്ചായത്തിൽ പ്രതിസന്ധി

Friday 04 April 2025 1:19 AM IST

മുതലമട: തദ്ദേശസ്വയംഭരണ വിഭാഗം അസിസ്റ്റന്റ് എൻജിനിയർ, വി.ഇ.ഒ, യു.ഡി ക്ലാർക്കുമാർ ഉൾപ്പെടെ മുതലമട പഞ്ചായത്തിലെ വിവിധ ഉദ്യോഗസ്ഥർ കൂട്ടത്തോടെ അവധിയിൽ. ഉദ്യോഗസ്ഥരുടെ അഭാവം പൊതുജനങ്ങളുടെ സേവനത്തെയും ലൈഫ് മിഷൻ, തേക്കടി വനപാത, പള്ളംചുള്ളിയാർ പുഴ പാലം തുടങ്ങി സുപ്രധാന പദ്ധതികളെയും സാരമായി ബാധിക്കുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.കൽപ്പന ദേവിയും വൈസ് പ്രസിഡന്റ് എം.താജുദ്ദീനും പറഞ്ഞു. ചിലർ രണ്ടു മാസമാണ് അവധിക്ക് അപേക്ഷിച്ചിരിക്കുന്നത്. ലൈഫ് പദ്ധതിയിൽ ഗ്രാമപഞ്ചായത്തിൽ കാര്യക്ഷമമായ പുരോഗതി ഉണ്ടായിട്ടില്ല. കേരളത്തിലെ ഏറ്റവും വലിയ പഞ്ചായത്തുകളിൽ ഒന്നായ മുതലമടയിൽ ഭൂരിഭാഗം ആദിവാസികൾ താമസിക്കുന്ന മേഖലയായിട്ട് പോലും ലൈഫ് ഭവനപദ്ധതികൾ വേണ്ടവിധം പ്രയോജനപ്പെടുത്താൻ ആവുന്നില്ല. മാസങ്ങളായി വി.ഇ.ഒ ഇല്ലാതായിട്ട്. വാർഷിക പദ്ധതികളുടെ അവസാനമായ മാർച്ചിൽ ലൈഫ് ഗുണഭോക്താക്കളുടെ വളരെ ചെറിയ ശതമാനം എഗ്രിമെന്റ് മാത്രമാണ് നടന്നിട്ടുള്ളത്. തുടർ നടപടിക്രമങ്ങൾ പൂർത്തിയാക്കി പണി പൂർത്തീകരിച്ചാൽ മാത്രമേ ഗുണഭോക്താക്കൾക്ക് സംഖ്യ പൂർണമായും ലഭിക്കുകയുള്ളൂ.

അസിസ്റ്റന്റ് എൻജിനീയറുടെ അവധി വ്യക്തിപരമായ കാരണങ്ങളാൽ ആണെന്നാണ് സൂചന. തേക്കടി വനപാതയും പള്ളം ചുള്ളിയാർ പുഴപ്പാലവും തൊട്ടിയത്തറ വാതക ശ്മശാനവും ഉൾപ്പെടെ നിരവധി ബൃഹത് പദ്ധതികളാണ് പഞ്ചായത്തിൽ നടപ്പിലാക്കാനുള്ളത്. ഉദ്യോഗസ്ഥരുടെ അഭാവം ഭരണ സ്തംഭനത്തിന് കാരണമാകുന്നുവെന്ന് ആരോപിച്ച് വരും ദിവസങ്ങളിൽ പ്രസിഡന്റും വൈസ് പ്രസിഡന്റും നിരാഹാര സത്യാഗ്രഹത്തിന് തയ്യാറെടുക്കുകയാണ്. എന്നാൽ ഉദ്യോഗസ്ഥരെ സ്വതന്ത്രമായി ജോലി ചെയ്യാൻ അനുവദിക്കാത്തതും മാനസികമായി പീഡിപ്പിക്കുന്നതുമാണ് ഇവർ അവധിയിൽ പ്രവേശിക്കാൻ കാരണമായതെന്ന് മുൻ പ്രസിഡന്റ് കെ.ബേബി സുധ ആരോപിച്ചു.

ഭരണ നഷ്ടത്തിന്റെ പകപോക്കൽ ആണ് പഞ്ചായത്തിൽ നടക്കുന്നത്. മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥരെ നിർബന്ധിത അവധിയെടുക്കാൻ ഭീഷണിപ്പെടുത്തി തയ്യാറെടുപ്പിക്കുന്നത്.

പി.കൽപ്പന ദേവി, മുതലമട പഞ്ചായത്ത് പ്രസിഡന്റ്.

ഉദ്യോഗസ്ഥരെ സ്വതന്ത്രമായി ജോലി ചെയ്യാൻ അനുവദിക്കാതെ മാനസികമായി പീഡിപ്പിക്കുകയാണ്. ഭരണപരാജയം മറയ്ക്കുവാനായി പ്രസിഡന്റും വൈസ് പ്രസിഡന്റും ഉദ്യോഗസ്ഥരുടെ മേൽ പഴിചാരുകയാണ്.

കെ.ബേബി സുധ, മുൻ പഞ്ചായത്ത് പ്രസിഡന്റ്

ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. ഡോക്ടറുടെ നിർദ്ദേശപ്രകാരമാണ് മെഡിക്കൽ ലീവ് എടുത്തിരിക്കുന്നത്.

സുജിഷ്, വി.ഇ.ഒ,മുതലമട