കാൻവാസിൽ ചിത്രവിസ്മയം തീർത്ത് നിത്യ ഹരിത നായിക
@ ചിത്രങ്ങൾ വിറ്റ് കിട്ടുന്ന തുക ക്യാൻസർ രോഗികൾക്ക്
കോഴിക്കോട്: അഭ്രപാളിയിൽ അഭിനയ അത്ഭുതങ്ങൾ കാട്ടിയ നിത്യ ഹരിത നായിക കാൻവാസിൽ തീർത്ത ചിത്രവിസ്മയം കാണാൻ ലളിതകല അക്കാഡമി ആർട് ഗാലറിയിൽ സന്ദർശക തിരക്ക്. ജീവിതത്തിന്റെ പല ഘട്ടങ്ങളിൽ കണ്ടതും അനുഭവിച്ചതുമായ ഓർമകളാണ് നടി ഷീലയുടെ ചിത്രങ്ങൾ. ചെമ്മീനും കുട്ടിക്കുപ്പായവുമെല്ലാം വരകളിൽ തെളിഞ്ഞിട്ടുണ്ട്. താൻ ജീവൻ നൽകി അനശ്വരമാക്കിയ ഉമ്മാച്ചുവും കറുത്തമ്മയും കൊച്ചുത്രേസ്യയുമെല്ലാം ഇവിടെ ചിത്രങ്ങളായി സംസാരിക്കുന്നുണ്ട്. പ്രണയവും വിരഹവും സന്തോഷവുമെല്ലാം കടും നിറങ്ങളിലൂടെയാണ് ഷീല വരച്ചിട്ടത്. യാത്രകളിലും സിനിമ ജീവിതത്തിലും കണ്ട അനേകം സ്ത്രീകളും പ്രളയ ഓർമകളും ഉൾപ്പെടെ 35 മുതൽ 40 വർഷം വരെ പഴക്കമുള്ള ചിത്രങ്ങൾ പ്രദർശനത്തിനുണ്ട്. അക്രിലിക്കിലും ഓയിൽ പെന്റിംഗിലും ഷീല ജീവൻ നൽകിയ 137 ചിത്രങ്ങളാണ് ഷീലാസ് സ്റ്റാർ ആർട് സർപ്രൈസ്' എന്ന പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കുട്ടിക്കാലം തൊട്ടേ ചിത്രരചന ഇഷ്ടമുള്ള താരത്തിന്റെ മൂന്നാമത് ചിത്രപ്രദർശനമാണ് ആർട് ഗാലറിയിൽ നടക്കുന്നത്. ചിത്രങ്ങൾ വിറ്റ് കിട്ടുന്ന തുക ക്യാൻസർ രോഗികൾക്കായി സംഭാവന ചെയ്യും. 'ഷീലയും കഥയും കഥാപാത്രങ്ങളും' വിഷയത്തിൽ ചലച്ചിത്ര പ്രഭാഷണവും വൈകിട്ട് ഗസൽ ഗായകരായ റഫീഖ് യൂസഫ്, അൽക്കാ അഷ്ക്കർ എന്നിവരുടെ ഗസൽ സന്ധ്യയും നടന്നു.
ലളിതകലാ അക്കാഡമി ആർട് ഗാലറിയിൽ നടക്കുന്ന പ്രദർശനം മേയർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. നടി ഷീല, ബേബി മാത്യു സോമതീരം, ജോസ് മോൻ പി.ഡേവിഡ്, കെ.പി സുധീര, ചലച്ചിത്ര താരം വിധുബാല തുടങ്ങിയവർ പങ്കെടുത്തു. ഷീലയുടെ മകൻ ജോർജ് വിഷ്ണു പങ്കെടുത്തു. ആസിഫ് അലി കോമു ആണ് ക്യൂറേറ്റർ. ഏപ്രിൽ 17ന് പ്രദർശനം സമാപിക്കും.