ഉമിനീർ വറ്റാതെ കറ്റാർവാഴ കാക്കും, പ്രതീക്ഷയായി ഡോ. ലിനിയുടെ കണ്ടുപിടിത്തം

Friday 04 April 2025 4:22 AM IST

ലിനി ബേസിൽ

തിരുവനന്തപുരം: ഉമിനീർ വറ്റുന്ന ഗുരുതര രോഗാവസ്ഥയ്ക്ക് കറ്റാർവാഴ കൊണ്ട് പ്രതിവിധി. ദന്ത ഡോക്ടർ,​ തിരുവനന്തപുരം ശ്രീകാര്യം സ്വദേശി ലിനി ബേസിലിന്റേതാണ് കണ്ടുപിടിത്തം. 75 രോഗികളിൽ വിജയകരമായി പരീക്ഷിച്ച ഉത്പന്നത്തിന് പേറ്റന്റും ലഭിച്ചു. പ്രമേഹരോഗികൾ, റേഡിയേഷൻ എടുക്കുന്നവർ,​ ​സ്ഥിരമായി വിവിധ മരുന്ന് കഴിക്കുന്നവർ എന്നിവർക്കാണ് ഉമിനീർ ഗ്രന്ഥി തകരാർ സംഭവിക്കുന്നത്. വായ വരണ്ടുപോകുന്ന അവസ്ഥയ്ക്ക് സിറോസ്റ്റോമിയ എന്നാണ് പറയുന്നത്.

താൻ പരിശോധിക്കുന്ന രോഗികളിൽ പലർക്കും ഈ പ്രശ്നം കണ്ടതോടെയാണ് പോംവഴിക്കായി ലിനി ഇറങ്ങിത്തിരിച്ചത്. വിശദ പഠനം നടത്തി. ബൈലിൻ മെഡ്ടെക്ക് എന്ന സംരംഭം ആരംഭിച്ചായിരുന്നു പരീക്ഷണം. ഡ്രി‌സ്‌ലിൻ എന്ന ഉത്പന്നം നിർമ്മിച്ചത് അങ്ങനെയാണ്. രാജ്യത്ത് ആദ്യമാണ് ഇത്തരത്തിലൊരു കണ്ടുപിടിത്തം. ഔഷധക്കലവറയായ കറ്റാർവാഴയിൽ 95 ശതമാനം ജലാംശമുണ്ട്.

മൂന്ന് സെന്റീമീറ്റർ നീളവും നാലു സെന്റീമീറ്റർ വീതിയുമുള്ള തുണിക്കഷ്ണത്തിലാണ് ഔഷധം ചേർത്തിട്ടുള്ളത്. വായ്ക്കുള്ളിൽ ഒട്ടിക്കണം. കറ്റാർവാഴയ്ക്ക് പുറമേ കൊളാജൻ പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഒരു തവണ വെള്ളം കുടിക്കുമ്പോൾ തന്നെ ഡ്രിസ്‌ലിൻ ഈർപ്പം പിടിച്ചുവയ്ക്കും. ദിവസം മുഴുവൻ ജലാംശം ലഭിച്ചുകൊണ്ടിരിക്കും. അണുബാധയുണ്ടാവില്ല.

ശ്രീചിത്രയുടെ പൂജപ്പുരയിലുള്ള ബയോ മെഡിക്കൽ ടെക്നിക്കൽ വിംഗിലാണ് 2020ൽ സ്റ്റാർട്ടപ്പ് തുറന്നത്. സുഹൃത്തും ശാസ്ത്രജ്ഞനുമായ ഡോ.സെന്തിൽകുമാറും സഹായിച്ചു. 2007ൽ തിരുവനന്തപുരം ഡെന്റൽ കോളേജിൽ നിന്നു പഠിച്ചിറങ്ങി സ്വന്തമായി ക്ലിനിക് തുടങ്ങിയതാണ് ലിനി. 2018ൽ ശ്രീചിത്രയിൽ ഫെല്ലോഷിപ്പ് ചെയ്തപ്പോഴാണ് ഡ്രിസ്‌ലിനിന്റെ ആശയം ലഭിക്കുന്നത്. സേലം ഡെന്റൽ കോളേജിലെയും ബോംബെ ടാറ്റാ ഹോസ്പിറ്റലിലെയും രോഗികളിലായിരുന്നു പരീക്ഷണം.

വൈകാതെ വിപണിയിൽ

ഈ വർഷം തന്നെ വിപണിയിലെത്തിക്കും. വില സാധാരണക്കാർക്ക് താങ്ങാനാവുന്നതായിരിക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്നു ഒന്നരക്കോടിയുടെ ഗ്രാന്റ് ലഭിച്ചു. ഭർത്താവ് ഓർത്താഡോണ്ടിസ്റ്റായ ഡോ.അലക്സാണ്ടർ. മക്കൾ മരിയെൽ,ഇസബെൽ,മിഷേൽ.

സിറോസ്റ്റോമിയ

 ഇടയ്ക്കിടയ്ക്ക് വെള്ളം കുടിച്ചാലേ വായിൽ ഈർപ്പം നിൽക്കൂ

 എല്ലാ ഭക്ഷണവും കഴിക്കാനാവില്ല

 മൗത്ത്‌വാഷാണ് പ്രതിവിധിയായി ഉപയോഗിക്കുന്നത്

 ഈർപ്പം നിലനിറുത്തുമെങ്കിലും നല്ല വിലയാകും