കേരളത്തിന് കനത്ത ആഘാതമാകും
കൊച്ചി: ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 26 ശതമാനം പകരച്ചുങ്കം ഏർപ്പെടുത്താനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം സംസ്ഥാനത്തിന്റെ കയറ്റുമതി മേഖലയ്ക്ക് കനത്ത തിരിച്ചടി സൃഷ്‌ടിച്ചേക്കും.
ട്രംപിന്റെ പകരച്ചുങ്കം ഇന്ത്യയുടെ മത്സ്യ കയറ്റുമതി സാദ്ധ്യതകളെ പ്രതികൂലമായി ബാധിക്കുമെന്ന് സമുദ്രോത്പന്ന കയറ്റുമതി അസോസിയേഷൻ ജനറൽ സെക്രട്ടറി കെ. എൻ രാഘവൻ പറഞ്ഞു. ഇക്വഡോർ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് പത്ത് ശതമാനം തീരുവ മാത്രമായതിനാൽ അമേരിക്കൻ കമ്പനികൾ അവിടെ നിന്ന് വാങ്ങുന്നതിനാകും മുൻഗണന നൽകുന്നത്. ചൈനയിലേക്കാണ് ഇതുവരെ ഇക്വഡോർ വൻതോതിൽ സമുദ്രോത്പന്നങ്ങൾ കയറ്റി അയച്ചിരുന്നത്. അമേരിക്കൻ വിപണി തുറന്നുകിട്ടിയതോടെ ചൈനയിലേക്കുള്ള കയറ്റുമതി ഇക്വഡോർ കുറയ്ക്കാൻ ഇടയുണ്ട്. ഇതോടെ ചൈനയിലേക്ക് കയറ്റുമതി വർദ്ധിപ്പിക്കാൻ ഇന്ത്യയ്ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയിലേക്കാണ് ഇന്ത്യൻ ചെമ്മീൻ ഏറ്റവും കൂടുതൽ കയറ്റിഅയക്കുന്നത്. പകരച്ചുങ്കം നടപ്പാകുന്നതോടെ ചെമ്മീനിന്റെ കയറ്റുമതി വില കുതിച്ചുയരാൻ ഇടയുണ്ട്.
ബ്രസീൽ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിലെ ഉത്പന്നങ്ങളുടെ തീരുവ പത്ത് മുതൽ 17 ശതമാനം വരെ ആയതിനാൽ സുഗന്ധ വ്യഞ്ജന കയറ്റുമതിയ്ക്കും വലിയ വെല്ലുവിളിയാകും. എന്നാൽ വിയറ്റ്നാമിന് ഉയർന്ന തീരുവ ഏർപ്പെടുത്തിയതിനാൽ കശുഅണ്ടി കയറ്റുമതിക്ക് വലിയ നേട്ടമാകുമെന്ന് ബീറ്റ ഗ്രൂപ്പ് ചെയർമാൻ ജെ. രാജ്‌മോഹൻ പിള്ള പറഞ്ഞു. കശുഅണ്ടി വിപണിയിലെ ഇന്ത്യയുടെ പ്രധാന എതിരാളിയാണ് വിയറ്റ്‌നാം.
ആശങ്ക വേണ്ടെന്ന് ഇന്ത്യൻ വ്യവസായികൾ
ഏഷ്യയിലെ പ്രധാന രാജ്യങ്ങളെക്കാൾ താരതമ്യേന കുറഞ്ഞ തീരുവ ഏർപ്പെടുത്തിയതിനാൽ ഇന്ത്യൻ സാമ്പത്തികമേഖലയെ കാര്യമായി ബാധിക്കില്ലെന്ന് വാണിജ്യ, വ്യവസായ സംഘടനകൾ. ആത്മനിർഭർ ഭാരതും ഉത്പാദന ബന്ധിത ആനുകൂല്യങ്ങളും ഉൾപ്പെടെയുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ സാമ്പത്തിക രംഗത്തിന് കരുത്താകും. ഇന്ത്യയുമായി മത്സരിക്കുന്ന രാജ്യങ്ങൾക്ക് ഉയർന്ന തീരുവ ഏർപ്പെടുത്തിയതിനാൽ വിപണന സാദ്ധ്യതകൾ മെച്ചപ്പെടുമെന്നും അവർ പറഞ്ഞു.